തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ വേദിയില്‍ ഉമ്മന്‍ചാണ്ടിയെ പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഓര്‍മ്മിപ്പിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ട് സ്പീക്കര്‍ എ.എന്‍. ഷംസീര്‍.
വിഴിഞ്ഞത്തിന്റെ നാള്‍വഴികളും ചരിത്രവും പറയുമ്പോള്‍ പോലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയന് പരാമര്‍ശിച്ചില്ല. പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ് പദ്ധതിക്ക് അനുമതി നിഷേധിച്ചുവെന്ന് പറഞ്ഞു. പിന്നാലെ തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയേയും മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെയും വരെ അഭിനന്ദിച്ചു.
കൂടാതെ വിഴിഞ്ഞം തുറമുഖത്തെ കടല്‍ക്കൊള്ള എന്ന് വിശേഷിപ്പിച്ചും സമരം നടത്തിയും തടസപ്പെടുത്തിയെന്ന ആരോപണത്തിലും വിശദീകരണം നല്കി. 2012ല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഎം ജനകീയ കണ്വെന്ഷന് നടത്തിയെന്നും 212 ദിവസത്തെ ജനകീയ സമരം നടത്തിയതും നാള് വഴിയില്‍ ഇടംപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മാത്രം പരാമര്‍ശിച്ചില്ല.
എന്നാല്‍ പിന്നാലെ സംസാരിച്ചവിഴിഞ്ഞം പോര്‍ട്ട് ചെയര്മാന് കരണ്‍ അദാനി ഉമ്മന്‍ചാണ്ടിയുടെ സേവനങ്ങളെ അനുസ്മരിച്ചു. ഈ സമയം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വേദിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് നോട്ടീസില്‍ ഇല്ലായിരുന്നു.
എന്നിട്ടും അദ്ദേഹം എത്തി. ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍. ഷംസീറര്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്. ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് ഷംസീര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: