ക്ഷേത്രങ്ങളില്‍ അഞ്ച് തരം പൂജകളുണ്ടെന്ന് ശാസ്ത്രത്തില്‍ പറയുന്നു. 1. അഭിഗമനം: ക്ഷേത്രം അടിച്ചു വാരുക, നിര്‍മ്മാല്യം നീക്കുക. 2. ഉപദാനം: പൂജാപുഷ്പങ്ങള്‍ ശേഖരിച്ച് കൊണ്ട് വരിക. 3. ഇജ്വ: ഇഷ്ട ദേവാര്‍ച്ചന. 4. സ്വാദ്ധ്യായം: മന്ത്രം ജപിക്കുക, സ്‌ത്രോത്രം ചൊല്ലുക 5.യോഗം: ദേവതാധ്യാനം.
മഹാ ക്ഷേത്രങ്ങളില്‍ അഞ്ച് നേരമാണ് പൂജ. 1. ഉഷഃപൂജ, 2. എതൃത്ത പൂജ. 3. പന്തീരടി പൂജ. 4. ഉച്ച പൂജ. 5. അത്താഴ പൂജ. സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് ഉഷഃപൂജ. സൂര്യന്‍ ഉദിച്ച് കഴിഞ്ഞ് ബാലഭാസ്‌ക്കരന് അഭിമുഖം വിരാജിക്കുന്ന ഭഗവത് ബിംബത്തില്‍ ചെയ്യുന്ന പൂജയാണ് എതൃത്ത പൂജ. രാവിലെ നിഴലിന് പന്ത്രണ്ട് അടി നീളമുള്ളപ്പോള്‍ (രാവിലെ 8 നും 9നും ഇടക്കുള്ള സമയം) നടത്തുന്ന പൂജയാണ് പന്തീരടി പൂജ. മറ്റു രണ്ടു പൂജകളും എന്തെന്ന് പേരില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.
നിത്യ പൂജാ ക്രമങ്ങളിലും ഉല്‍സവാദി ആചാരനുഷ്ഠാനങ്ങളിലും തന്ത്രി പകര്‍ന്നു നല്‍കിയ ചൈതന്യം സംരക്ഷിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്യുന്നു.
ബ്രഹ്മ മുഹുര്‍ത്തത്തില്‍ ശംഖ നാദത്തോടും വാദ്യഘോഷങ്ങളോടും കൂടി പള്ളിയുണര്‍ത്തുമ്പോള്‍ ക്ഷേത്രത്തില്‍ ഒരു ദിവസം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേല്‍ ശാന്തി തറ്റുടത്ത് കാല്‍ കഴുകി ആഗമിച്ച് ജപിച്ചു തളിച്ച് തിരുനടയില്‍ വന്ന് ഭഗവാനെ അഭിവാദ്യം ചെയ്ത് മണിയടിച്ച് നട തുറക്കും. അപ്പോള്‍, തലേ ദിവസം അണിയിച്ച പൂമാലകളും പൂജാപുഷ്പങ്ങളും വിഗ്രഹത്തില്‍ കാണും. ഈ പ്രഥമ ദര്‍ശനം മുതല്‍ വിഗ്രഹത്തില്‍ നിന്നും തലേദിവസത്തെ ആടയാഭരണങ്ങളും പുഷ്പഹാരങ്ങളും നീക്കി ഭഗവദ് വിഗ്രഹം പൂര്‍ണ്ണതേജസ്സോടെ കാണുന്നതുവരെയാണ് നിര്‍മ്മാല്യ ദര്‍ശനം എന്നു പറയുന്നത്. നിര്‍മ്മാല്യ ദര്‍ശനം അതി വിശിഷ്ടവും സര്‍വ്വാഭീഷ്ടകരവുമായിഭക്തര്‍ കരുതുന്നു. (എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ തൃച്ചംബരത്ത് നിര്‍മ്മാല്യദര്‍ശനം നിഷിദ്ധമാണ്. കംസവധത്തിനു ശേഷം രൗദ്രസ്വഭാവത്തില്‍ നില്‍ക്കുന്ന കൃഷ്ണസങ്കല്‍പമാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്).
നിര്‍മ്മാല്യ ശേഷം വിഗ്രഹത്തില്‍ എണ്ണയാടി ഇഞ്ച, വാകപ്പൊടി എന്നിവ കൊണ്ട് ഭഗവാനെ തേച്ച് കുളിപ്പിക്കും. തുടര്‍ന്നു തീര്‍ത്ഥമുണ്ടാക്കി അഭിഷേകങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ശേഷം മലര്‍ നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങും. ഉഷഃപൂജയും എതൃത്ത പൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) നടക്കും. ഒരു ക്ഷേത്രത്തിലെ മുഖ്യദേവത, തന്റെ പാര്‍ഷദന്‍മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും നിവേദ്യം നല്‍കുന്നതു കാണാന്‍ പുറത്തിറങ്ങുന്ന ചടങ്ങാണ് ശീവേലി അഥവാ ശ്രീഭൂതബലി. പരമാവധി ഒന്നര അടിവരെ ഉയരമുള്ള ശീവേലി വിഗ്രഹമാണ് ഇതിനായി ഉപയോഗിക്കുക. ക്ഷേത്രഭൂതഗണങ്ങല്‍, ക്ഷേത്രപാലകന്‍, ദ്വാരപാലകന്‍, സപ്തമാതാക്കള്‍, അഷ്ടദിക്പാലകര്‍ എന്നിവര്‍ക്കെല്ലാം നിവേദ്യം നല്‍കുന്ന ഈ ചടങ്ങോടെ (പ്രാദേശികമായി ശീവേലി ചടങ്ങുകളില്‍ മാറ്റമുണ്ടാകാം) രാവിലത്തെ പൂജകള്‍ അവസാനിക്കും.
പിന്നീട് നടത്തുന്ന പൂജയാണ് പന്തീരടി പൂജ. അഞ്ച് പൂജകളുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. പിന്നെ ഉച്ച പൂജ. അതിനു ശേഷം ഉച്ച ശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുളള പൂജകള്‍ അവസാനിക്കും. ഉല്‍സവ കാലങ്ങളില്‍ ഉച്ച ശീവേലി കാഴ്ച ശീവേലിയായി വൈകുന്നേരം നടത്തും. അപ്പോള്‍ ശീവേലി എഴുന്നള്ളത്ത് ആനപ്പുറത്താവും (ഇതിലും പ്രാദേശികഭേദങ്ങളുണ്ട്).
വൈകുന്നേരം അഞ്ച് മണിയോടു കൂടി (ചില ക്ഷേത്രങ്ങളില്‍ നാല് മണിക്കും) ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ട് മണി വരെ ഉണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും ഉണ്ടാകും. മറ്റ് ദിവസങ്ങളില്‍ അഭിഷേകം പതിവില്ല. സന്ധ്യക്ക് ദീപാരധനക്ക് ശേഷം അത്താഴ പൂജയും അത് കഴിഞ്ഞാല്‍ അത്താഴ ശീവേലിയും ഉണ്ടാകും. അത്താഴ ശീവേലിക്കു ശേഷം ക്ഷേത്ര നട അടക്കുമ്പോള്‍ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജക്ക് പരിസമാപ്തിയാകും. ക്ഷേത്രത്തിലെ ഉല്‍സവം, ആട്ട വിശേഷം, ഉദയാസ്തമന പൂജ എന്നിവ പോലെയുള്ള വിശേഷങ്ങള്‍ നടക്കുമ്പോള്‍ കൃത്യതക്കും സമയത്തിനും വ്യത്യാസം വരും.
ചെറിയ ക്ഷേത്രങ്ങളില്‍ അഭിഷേകവും പൂജയും രാവിലേയും ദീപാരാധനയും അത്താഴ പൂജയും വൈകീട്ടും ഉണ്ടാകും. ക്ഷേത്രത്തില്‍ നട തുറന്നാല്‍ അടയ്‌ക്കുന്നതു വരെ പൂജ സമയങ്ങളില്‍ എല്ലായ്‌പ്പോഴും ദര്‍ശനം നടത്താം. എന്നാല്‍ നിവേദ്യ സമയത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്കുണ്ട്. അവിചാരിതമായി ഉണ്ടയേക്കാവുന്ന അശുദ്ധി ഒഴിവാക്കുവാനും ഭഗവാന് സ്വസ്ഥമായി നിവേദ്യം സ്വീകരിക്കാനും അനുയോജ്യമായ അവസ്ഥാ വിശേഷം സംജാതമാക്കുന്നതിനണ് ഈ വിലക്ക്.
ഓരോ മാസത്തിലും ചില പ്രത്യേക നക്ഷത്രങ്ങളിലും ആഴ്ചയിലും ദിവസങ്ങളിലും തിഥികളിലും ക്ഷേത്രങ്ങളില്‍ വിശേഷ അടിയന്തിരം ഉണ്ട്. ഇത് മാസ വിശേഷം എന്ന പേരില്‍ അറിയപ്പെടുന്നു. ആണ്ട് തോറും വിഷു, ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി തുടങ്ങിയ വിശേഷങ്ങള്‍ ആഘോഷിക്കുന്നത് ആട്ടവിശേഷം എന്നാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: