ന്യൂയോര്‍ക്ക്: അമേരിക്കന്‍ പുരുഷ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഗ്രെഗ്ഗ് ബെര്‍ഹാള്‍ട്ടറെ പുറത്താക്കി. കോപ്പ അമേരിക്കയില്‍ ആദ്യ റൗണ്ടില്‍ തന്നെ അമേരിക്ക പുറത്തായി ഒമ്പത് ദിവസത്തിന് ശേഷമാണ് നടപടി. നാട്ടില്‍ നടക്കുന്ന 2026 ഫിഫ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഗ്രെഗ്ഗ് ബെര്‍ഹാള്‍ട്ടറെ ദൗത്യമേല്‍പ്പിച്ചത്, പക്ഷെ വമ്പന്‍ പരാജയമാണെന്ന വിലയിരുത്തലാണ് ടീം മാനേജ്‌മെന്റിനുള്ളത്.
ബെര്‍ഹാള്‍ട്ടര്‍ ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക പദവിയില്‍ വരുന്നത്. പത്ത് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇദ്ദേഹം ചുമതലയേറ്റത്. അമേരിക്കയെ എക്കാലത്തെയും മികവിലേക്ക് മാറ്റുകയാണ് ലക്ഷ്യം- എന്നായിരുന്നു രണ്ടാം വരവില്‍ ബെഹ്‌റാള്‍ട്ടര്‍ പറഞ്ഞിരുന്നത്. പക്ഷെ ഇതുവരെ ജയിച്ചത് ഏഴ് മത്സരങ്ങള്‍ മാത്രം. ആറെണ്ണത്തില്‍ തോറ്റു. ഒരു സമനിലയും. പക്ഷെ ഇദ്ദേഹത്തിന് കീഴില്‍ ടീമിന്റെ മൊത്തം നിലവാരം പരിശോധിച്ചാല്‍ 44 വിജയവും 17 തോല്‍വിയും 13 സമനിലയുമാണ്.
അമേരിക്കയുടെ അടുത്ത മത്സരങ്ങള്‍ സപ്തംബറില്‍ കാനഡയ്‌ക്കും ന്യൂസിലന്‍ഡിനുമെതിരെയുള്ള അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോളുകളാണ്. പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ് എന്ന് ടെക്ക്‌നിക്കല്‍ ഡയറക്ടര്‍ മാറ്റ് ക്രോക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: