തിരുവനന്തപുരം: ശ്യാമപ്രസാദ് മുഖര്‍ജി സ്വതന്ത്ര ഭാരതത്തിന്റെ ഏകീകരണത്തിനായി ജീവത്യാഗം ചെയ്ത ആദ്യ ബലിദാനിയാണെന്ന് ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന് (എസ്പിഎംആര്‍എഫ്) സെക്രട്ടറിയും ട്രസ്റ്റിയുമായ പ്രൊഫ. കനകസഭാപതി. എസ്പിഎംആര്‍എഫും ഭാരതീയ വിചാരകേന്ദ്രവും സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിഭജനകാലത്ത് ബംഗാള്‍ പൂര്‍ണമായി പാകിസ്ഥാന്റെ ഭാഗമാകുമെന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയതും പശ്ചിമബംഗാളിനെ ഭാരതത്തോട് ചേര്‍ത്തുനിര്‍ത്തിയതും അദ്ദേഹമാണ്. ബംഗാളിനെ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തെ അദ്ദേഹം എതിര്‍ത്തു തോല്പിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കി പ്രധാനമന്ത്രിയും പതാകയും ഭരണഘടനയും അനുവദിച്ചതിനെതിരായ അദ്ദേഹത്തിന്റെ ഐതിഹാസിക പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. ആ പോരാട്ടത്തിനിടയിലാണ് അദ്ദേഹത്തിന് ജീവന് വെടിയേണ്ടി വന്നത്. കാശ്മീരിലെ ജയിലില്‍ മതിയായ ചികിത്സ കിട്ടാതെയാണ് അദ്ദേഹം മരിച്ചത്.
നെഹ്റു മന്ത്രിസഭയില്‍ നിന്നും രാജിവച്ച്, കോണ്‍ഗ്രസിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകണമെന്ന ശ്യാമപ്രസാദിന്റെ ആഗ്രഹത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ പിന്തുണച്ചതോടെയാണ് ജനസംഘം രൂപീകൃതമാകുന്നത്.
ജനസംഘത്തിന്റെ പിന്‍ഗാമിയായ ബിജെപി, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് മുഖര്‍ജിയുടെ ജീവത്യാഗം അര്ത്ഥപൂര്ണ്ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, തിരുവനന്തപുരം ജില്ല വര്‍ക്കിങ് പ്രസിഡന്റ് ഡോ. ലക്ഷ്മി വിജയന് വി.ടി., വൈസ് പ്രസിഡന്റ് വിജയന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: