കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി ടീമിന് പേരിട്ട് നടൻ പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന്റെ പേര്. പോർച്ചുഗീസ് ഭാഷയില്‍ മുന്നോട്ട് എന്നാണ് ഫോഴ്സാ എന്ന വാക്കിന്റെ അർത്ഥം.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം.
‘‘ഒരു പുതിയ അധ്യായം കുറിക്കാൻ ‘ഫോഴ്സാ കൊച്ചി’. കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!’’ -എന്നിങ്ങനെയാണ് പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
പൃഥ്വിരാജും ഭാര്യ സുപ്രിയയും ഓഹരി ഉടമകളായ ടീമിന് നല്ല പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റിട്ട് മിനിറ്റുകള്‍ക്കകം ആരാധകർ പേരുകള്‍ നിർദേശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരുപാട് പേരുകള്‍ ആരാധകർ നിർദേശിച്ചെങ്കിലും ഒടുവില്‍ ഇന്റർനാഷണല്‍ പേരായ ഫോഴ്‌സാ എഫ്സി കൊച്ചി എന്ന പേരിലെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: