തൃശൂര്‍ : ശങ്കരംകുളങ്ങരയിലെ തട്ടക നിവാസികള്‍ക്ക് ഇനിയും മണികണ്ഠനെ എന്നും കാണാം. ശങ്കരംകുളങ്ങര ദേവസ്വത്തിന്റെ പ്രിയപ്പെട്ട ആനയായ മണികണ്ഠന് കോണ്‍ക്രീറ്റില്‍ പുനര്ജന്മം. മണികണ്ഠന്റെ പൂര്‍ണകായ ശില്പം ക്ഷേത്ര വളപ്പില്‍ ഇന്നലെ അനാച്ഛാദനം ചെയ്തു.
58 വര്‍ഷത്തോളം ശങ്കരംകുളങ്ങര ദേവസ്വത്തിന്റെ പ്രിയപ്പെട്ട ആനയായിരുന്നു മണികണ്ഠന്. 1966 ഫെബ്രുവരി അഞ്ചിന് കുട്ടിയാനയായിരുന്ന മണികണ്ഠന് ശങ്കരന് കുളങ്ങരയില്‍ എത്തിയതാണ്. പിന്നീട് അര നൂറ്റാണ്ടിലേറെക്കാലം ഭഗവതിയുടെ തിടമ്പേറ്റി, നാട്ടുകാരുടെ ഓമനയായി വളര്‍ന്നു. തൃശൂര്‍ പൂരം അടക്കം കേരളത്തിലെ പേരുകേട്ട ഉത്സവങ്ങളില്‍ എഴുന്നള്ളിപ്പില്‍ താരമായി. ഒടുവില്‍ ഒരു വര്‍ഷം മുന്‍ പ് കഴിഞ്ഞ ജൂലൈ 19നാണ് മണികണ്ഠന് ചരിഞ്ഞത്.
തട്ടക നിവാസികള്‍ക്ക് മണികണ്ഠന്റെ വിയോഗം വലിയ വേദനയായി. ഒടുവില്‍ ദേവസ്വം തീരുമാനമെടുത്തു. മണികണ്ഠന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ക്ഷേത്ര വളപ്പില്‍ പൂര്‍ണകായ പ്രതിമ നിര്‍മിക്കണം. ശില്പി സൂരജ് നമ്പ്യാരുടെ നേതൃത്വത്തില്‍ മാസങ്ങളോളം പണിയെടുത്താണ് മണികണ്ഠന്റെ ചാരുതയാര്‍ന്ന രൂപം കോണ്‍ക്രീറ്റില്‍ തീര്‍ത്തത്. ഇഴയുന്ന തുമ്പിക്കൈയും വലം കാലിലെ തഴമ്പും കൊമ്പിനു മുകളിലെ കറയും പോലും അതേപടി ആവിഷ്കരിച്ച ശില്പം ജീവന് തുടിക്കുന്ന മണികണ്ഠന് തന്നെ.
പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ ഇന്നലെ ശില്പം അനാച്ഛാദനം ചെയ്തു. മണികണ്ഠന് പ്രണാമം അര്‍പ്പിക്കാന്‍ തൃശ്ശൂരിലെ എണ്ണം പറഞ്ഞ ഗജവീരന്മാരും ക്ഷേത്രമുറ്റത്തെത്തി. ആദ്യകാല പാപ്പാന്മാരെയും ശില്പ നിര്‍മാണത്തില്‍ പങ്കാളികളായവരെയും ദേവസ്വം ആദരിച്ചു. ഇനി ശങ്കരംകുളങ്ങര നിവാസികള്‍ക്ക് ദിവസവും മണികണ്ഠന്റെ രൂപം കാണാം എന്നതാണ് തട്ടകവാസികളുടെ സന്തോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: