India

ചരിത്ര വിധി: ജീവനാംശം നല്‍കുന്നത് ദാനമല്ല; മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശത്തിനായി ക്രിമിനല്‍ കേസ് നല്‍കാം

ന്യൂദല്‍ഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) 125 പ്രകാരം ക്രിമിനല്‍ കേസ് നല്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന 1986ലെ മുസ്ലിം വനിതകളുടെ വിവാഹ മോചന അവകാശ സംരക്ഷണ നിയമത്തെ തള്ളിയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ വിധിയെന്നത് ശ്രദ്ധേയമായി. മുസ്ലിം സമുദായത്തിലെ ലക്ഷക്കണക്കിന് വിവാഹ മോചനങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ട വിധിയാണ് സുപ്രീംകോടതി നടത്തിയത്.

ജീവനാംശം നല്കുന്നത് ദാനമല്ലെന്നും സ്ത്രീകളുടെ അവകാശമാണെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. 1986ലെ വിവാദ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം മുസ്ലിം സ്ത്രീകളുടെ ജീവനാംശം തീരുമാനിക്കേണ്ടതെന്ന വാദം കോടതി തള്ളി. വ്യക്തി നിയമത്തെക്കാള്‍ മതേതര നിയമമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സിആര്‍പിസി 125 പ്രകാരം പരാതി നല്കിയില്ലെങ്കില്‍ 2019ലെ മുത്തലാഖ് നിരോധന നിയമ പ്രകാരവും പരാതി നല്കാം. ഇതു രണ്ടും ചേര്‍ത്തും പരാതികള്‍ നല്കാം. സിആര്‍പിസി 125ലെ വ്യവസ്ഥകള്‍ മുസ്ലിങ്ങള്‍ക്കടക്കം രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാണ്. വിവാഹിതരായ സ്ത്രീകള്‍ക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസി 125 ബാധകമാക്കിയതായും കോടതി പ്രഖ്യാപിച്ചു.

വിവാഹ മോചിതയായ ഭാര്യയ്‌ക്ക് പ്രതിമാസം 10,000 രൂപ വീതം ജീവനാംശം നല്കണമെന്ന തെലങ്കാന ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച മുഹമ്മദ് അബ്ദുള്‍ സമദ് എന്നയാളുടെ ഹര്‍ജി തള്ളി ഷാബാനു കേസിലെ വിധി സുപ്രീംകോടതി അക്ഷരാര്‍ത്ഥത്തില്‍ ആവര്‍ത്തിച്ചു. കുടുംബ കോടതി പ്രതിമാസം 20,000 രൂപ നല്കണമെന്നത് ഹൈക്കോടതി പതിനായിരമാക്കി കുറച്ചിരുന്നു. എന്നാല്‍ മുസ്ലിം വ്യക്തിനിയമ പ്രകാരം നടന്ന വിവാഹ മോചനമായതിനാല്‍ ജീവനാംശം നല്കാനാകില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഭാര്യയെ പരിപാലിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണ് സംരക്ഷണമെന്നും കോടതി പറഞ്ഞു. ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റു തരത്തിലും തങ്ങളെ ആശ്രയിക്കുന്നെന്ന വസ്തുതയെപ്പറ്റി ചില ഭര്‍ത്താക്കന്മാര്‍ ബോധവാന്മാരല്ല. രാജ്യത്തെ പുരുഷന്മാര്‍ ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് സാമ്പത്തിക സഹായം നല്‌കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ നിലനിര്‍ത്തണമെന്നും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ നല്കണമെന്നും ജസ്റ്റിസ് നാഗരത്ന വിധിയില്‍ പറയുന്നു.

ഷാബാനു കേസ് വിധിയില്‍ സിആര്‍പിസി 125-ാം വകുപ്പ് പ്രകാരം മുസ്ലിം വനിതകള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ അടക്കം മറികടക്കാനാണ് മുസ്ലിം പണ്ഡിതരുടെയും മുസ്ലിം പുരുഷന്മാരുടെയും പിന്തുണയ്‌ക്കായി രാജീവ് ഗാന്ധി പുതിയ നിയമം 1986ല്‍ പാസാക്കിയത്. എന്നാല്‍ പുതിയ വിധിയോടെ 1986ലെ വിവാദ നിയമം തന്നെ അപ്രസക്തമാകുകയാണ്.

ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനാംശം ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് സിആര്‍പിസി 125ല്‍ ഉള്ളത്. പുതിയ സുപ്രീംകോടതി വിധിയോടെ മുസ്ലിം വ്യക്തിനിയമ വ്യവസ്ഥകള്‍ രാജ്യത്ത് കൂടുതല്‍ ദുര്‍ബലമാകുകയാണെന്ന് വ്യക്തം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക