കാലടി: മലയാറ്റൂരില്‍ കാട്ടാനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന കുട്ടിയാന കിണറില്‍ വീണു. മലയാറ്റൂര്‍ ഇല്ലിത്തോട് പണ്ടാല സാജുവിന്റെ പുരിയിടത്തിലെ കിണറ്റിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടര വയസുള്ള ആനക്കുട്ടി വീണത്. വലിയ ശബ്ദത്തിലുള്ള ചിന്നംവിളി കേട്ട് പുറത്തിറങ്ങിയ വീട്ടുകാരെ അമ്മയാന വിരട്ടി ഓടിച്ചു. കിണറിന് ആഴം കുറവായിരുന്നു.
കിണറിന്റെ ഒരുവശം അമ്മയാന കൊമ്പും, തുമ്പിക്കയ്യും, കാലുകളും ഉപയോഗിച്ച് നിരത്തി ചെറിയ ചാല് കീറി. പിന്നാലെ രാവിലെ എഴരയോടെ കുട്ടിയാനയെ അമ്മയാന കരയ്ക്ക് കയറ്റി. കിണറിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 15 ഓളം ആനകള്‍ തമ്പടിച്ചിരുന്നു. കുട്ടിയാന കരയ്ക്ക് കയറിയതോടെ ആനകളും വനത്തിലേക്ക് പോയി. ആനക്കുട്ടി കിണറില്‍ വീണതോടെ മുളംങ്കുഴി ഭാഗത്ത് റോഡ് വട്ടം നിന്ന രണ്ട് ആനകളും വനത്തില്‍ കയറി പോയി. ഇതിനിടെ വീടിന് പിന്‍വശത്തുളള വാഴത്തോട്ടവും ആനകള്‍ നശിപ്പിച്ചു.
ജനവാസ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി കാട്ടാനകള്‍ ഇറങ്ങുന്നതിന് എതിരെ സ്ത്രീകളു കുട്ടികളും, അടക്കമുളള 600ഓളം പേര് ബുധനാഴ്ച്ച രാവിലെ മുതല്‍ കാടപ്പാറ-മുളംങ്കുഴി റോഡ് ഉപരോധിച്ചു. കാലടി നേച്ചര്‍ സ്റ്റഡി സെന്റര്‍ ഡിഎഫ്ഒ ഡെല്‍റ്റോ എല്‍. മറോക്കി ഉള്‍പ്പെടെയുളള വനപാലകരെ ജനം തടഞ്ഞുവെച്ചു. സബ്കളക്ടര്‍ കെ. മീര എത്തിയശേഷം ഉച്ചയ്ക്ക് രണ്ടിനാണ് ഉപരോധം അവസാനിപ്പിച്ചത്. വനപാലകര്‍ അടക്കമുള്ളവരെ തടഞ്ഞ് വയ്ക്കുകയും ഫോറസ്റ്റ് ജീപ്പുകള്‍ തടഞ്ഞുമായിരുന്നു സമരം. കളക്ടര്‍ സ്ഥലത്ത് എത്തി പരിഹാരം നിര്ദ്ദേശിക്കണമെന്നായിരുന്ന ജനങ്ങളുടെ ആവശ്യം. ഉച്ചക്ക് 1.30 ഓടെയാണ് സബ്ബ് കളക്ടര്‍ കെ. മീര സ്ഥലത്തെത്തി നിര്‍ദ്ദേശങ്ങള്‍ സമരക്കാരെ അറിയിച്ചു.
അടിക്കാടുകള്‍ വെട്ടിതെളിക്കുനുളള കാര്യങ്ങള്‍ ഒരാഴ്ച്ച കൊണ്ട് നടപ്പിലാക്കുമെന്നും, പെട്രോളിംങ്ങിന് മൂന്ന് വാച്ചര്‍മാരാണ് നിലവില്‍ ഉളളതന്നും മൂന്ന് പേരെ കൂടി നിയമിക്കുമെന്നും കെ. മീര പറഞ്ഞു.
കിടങ്ങ് നിര്‍മിക്കാനുളള പരിശോധനകള്‍ ഉടന്‍ ആരംഭിക്കും. വനത്തില്‍ നില്ക്കുന്ന ആനക്കൂട്ടം രാത്രിയില്‍ വീണ്ടും ഇല്ലിത്തോട്ടിലേക്ക് എത്താതെ നീരീക്ഷണം ഏര്‍പ്പെടുത്തും. സോളാര്‍ ഫെന്‍സിങ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. അടുത്ത ആഴ്ച്ച കളക്ടര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ എടുത്ത തീരുമാനങ്ങളുടെ അവലോകനം നടത്തും. ആനകളുടെ ജഡം സംസ്ക്കരിക്കുന്ന തുണ്ടം ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട പെരുംതോട്ടില്‍ പകുതി കത്തിയ നിലയില്‍ ആനകളെ ഉപേക്ഷിക്കുന്നത് അന്വേഷിക്കും. മറ്റ് മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനായി ഇവിടെ ആനകളുടെ ജഡം ഉപേക്ഷിക്കുകയും ഇത് പുഴുവന്ന് ചീഞ്ഞ് അഴുകി പെരിയാറില്‍ എത്തുന്നത് തടയും.
വാല്പാറ, ഇടമലയാര്‍, അതിരപ്പിളളി തുടങ്ങി മറ്റ് വനമേഖലയില്‍ നിന്ന് പിടികൂടുന്ന പുലി, കടുവ ഉള്‍പ്പെടെയുളള വന്യജീവികളെ ഈ മേഖലയില്‍ തുറന്ന് വിടുന്നത് പരിശോധി
ക്കാമെന്നുളള നിര്‍ദ്ദേശങ്ങള്‍ സബ്് കളക്ടര്‍ സമരക്കാരെ അറിയച്ചതോടെയാണ് ഉപരോധം അവസാനിച്ചത്. ആലുവ തഹസില്‍ദാര്‍ രമ്യ എസ്. നമ്പൂതിരി, മലയാറ്റൂര്‍ വില്ലേജ് ഓഫീസര്‍ സുധീഷ് കര്‍മ്മ എന്നിവരും ലത്ത് എത്തിയിരുന്നു. കാലടി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
മൂന്ന് മാസം മുമ്പ് മുളങ്കുഴിയില്‍ റബര്‍തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ ഒരു കുട്ടിയാന വീണിരുന്നു. കുട്ടിയാനകള്‍ ഉള്‍പ്പെടെയുളള 20 ഓളം വരുന്ന കാട്ടാനക്കൂട്ടം ആറാട്ട്കടവ്, കണ്ണിമംഗലം ഭാഗങ്ങളില്‍ നിരന്തരം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: