തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം.
സര്‍ക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയായെന്നും ഇ.പി. ജയരാജന് മുന്നണി കണ്‍വീനറായിരിക്കാന്‍ യോഗ്യനല്ലെന്നും വിമര്‍ശനം. തൃശൂരിലെ ജയം സുരേഷ് ഗോപി അഞ്ചു വര്‍ഷം അവിടെ തമ്പടിച്ചു നടത്തിയ പ്രവര്‍ത്തന, പ്രചാരണങ്ങളുടെയും ജയമെന്നും വിലയിരുത്തല്‍.
സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ അടിയന്തര തിരുത്തല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നു നടത്തിയ നവകേരള സദസ്സ് മൂലം ദോഷം മാത്രമാണ് ഉണ്ടായത്. അതിനു പകരം ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ ജാഥയാണു സംഘടിപ്പിക്കേണ്ടിയിരുന്നത്. ഇ.പി. ജയരാജന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പു ദിവസം രാവിലെ തന്നെ അതു തുറന്നു സമ്മതിച്ചതും മുന്നണിയുടെ രാഷ്ട്രീയ വിശ്വാസ്യതയെ ബാധിച്ചു. ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന തൃശൂര്‍ മേയറെ മാറ്റാന്‍ മുന്നണിക്ക് കത്ത് നല്‍കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അതിനിടെ പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി എസ് സുനില്‍കുമാര്‍ യോഗത്തില്‍ രംഗത്തെത്തി. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്തെത്തി. 40 വയസിന് മുന്‍പ് എംഎല്‍എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ യോഗത്തില്‍ പരിഹസിച്ച് മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: