മാന്നാര്‍: ചെന്നിത്തല ഇരമത്തൂര്‍ സ്വദേശിനിയായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ടുമുതല്‍ നാലുവരെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മൂവരെയും കോടതിയില്‍ ഹാജരാക്കുന്നത്.
കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമന്, പ്രമോദ് എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ പ്രതികള്‍. ഇവര്‍ നാല് പേരും ചേര്‍ന്ന് കലയെ കാറില്‍ വച്ചു കൊന്ന് കുഴിച്ചുമൂടി എന്നാണ് നിഗമനം. യുവതിയെ 15 വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് എഫ്ഐആറില്‍ പറയുന്നു.
അതിനിടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ ഈയാഴ്ച തന്നെ ഇസ്രയേലില്‍ നിന്നു നാട്ടിലെത്തിക്കുമെന്നാണ് സൂചന. നിലവില്‍ റെഡ്കോര്‍ണര്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓപ്പണ്‍ വാറന്റും പുറപ്പെടുവിച്ചു. ഇസ്രായേലില്‍ ജോലി ചെയ്യുന്ന അനിലിന്റെ പാസ്പോര്‍ട്ട് നമ്പറും വിലാസവും സ്പോണ്‍സറുടെയും കമ്പനിയുടെയും വിശദാംശങ്ങളും ഉള്‍പ്പെട്ട വാറന്റ് അന്വേഷണ ഉദ്യോഗസ്ഥനായ മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കു കോടതി കൈമാറി. ഇനി പോലീസ് ആസ്ഥാനത്തു നിന്നു ക്രൈംബ്രാഞ്ച് വഴി സിബിഐക്കു വാറന്റ് കൈമാറും.
സിബിഐ ആസ്ഥാനത്തു നിന്ന് ഇന്റര്‍പോളിനു വിവരങ്ങള്‍ നല്‍കുന്നതോടെ തിരച്ചില്‍ നോട്ടിസ് നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിനൊപ്പം പോലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ച് എമിഗ്രേഷന്‍ വിഭാഗം വഴി എംബസികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കൈമാറും. അനില്‍ ഇസ്രായേലില്‍ നിന്നു മറ്റെവിടേക്കെങ്കിലും പോകുന്നതു തടയാനാണിത്. കലയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കൊന്ന രീതിയും കൃത്യത്തിലെ പങ്കാളികളുടെ വിവരങ്ങളും ഉപയോഗിച്ച വാഹനം കണ്ടെത്താനും അനിലിനെ നാട്ടിലെത്തിക്കണമെന്നു പോലീസ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: