തിരുവനന്തപുരം: കാലവര്‍ഷം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ഐഎംഎ. പകര്‍ച്ചപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ കൂടാതെ നിര്‍മാര്‍ജനം ചെയ്തതെന്ന് കരുതുന്ന കോളറയുടെ സാന്നിദ്ധ്യവും ആശങ്ക പരത്തുന്നു. സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നത് ഗൗരവമായി പരിഗണിക്കണം. പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള സാമഗ്രികള്‍, സാമ്പത്തിക പിന്തുണ എന്നിവയും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
രോഗനിര്‍ണയം, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയില്‍ മുന്പില് നില്ക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും പലവിധ കാരണങ്ങളാല്‍ താറുമാറാകുന്ന പ്രതിരോധ സംവിധാനങ്ങള്‍ രോഗ വ്യാപനത്തിന് കാരണമാകുന്നു. വ്യക്തി പരിസര ശുചിത്വം, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വ്യാപകമായ ബോധവത്കരണം അത്യാവശ്യമാണ്. സുരക്ഷിതമായ ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകേണ്ടതുണ്ട്.
പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥ സഹകരണം ഉറപ്പുവരുത്തും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സന്നദ്ധ സംഘങ്ങളും മറ്റ് സംവിധാനങ്ങളും ലഭ്യമാക്കും. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി സംസ്ഥാന തലത്തില്‍ ഒരു ഏകോപന സമിതി രൂപീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: