Football

യൂറോ 2024: ചരിത്ര ഗോളിന്റെ മികവില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍

Published by

മ്യൂണിക്: പതിനാറാം വയസില്‍ ലാമിന്‍ യമാല്‍ നേടിയ മഴവില്ലഴകുള്ള ചരിത്ര ഗോളിന്റെ മികവില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ യൂറോ 2024 ഫൈനലില്‍ കടന്നു. കളത്തില്‍ ഫ്രാന്‍സിനെ ചലനമറ്റവരാക്കിയാണ് സ്‌പെയിന്‍ ഇന്നലെ അത്യുഗ്രന്‍ കളി കാഴ്‌ച്ചവച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അവരുടെ വിജയം.

ലൂയിസ് ഡി ലാ ഫ്യുവെന്റെ 4-2-3-1 ശൈലിയിലിറക്കിയ ടീമിന്റെ വലത് വിങ്ങറായി നിറഞ്ഞാടിയ ലാമിന്‍ യമാല്‍ എന്ന പതിനാറുകാരനാണ് കളിയെ അടിമുടി നയിച്ചത്. മുന്നേറ്റനിരയിലും ഇടയ്‌ക്ക് മിഡിലേക്ക് ഇറങ്ങിയും താരം നടത്തുന്ന ചടുല നീക്കങ്ങള്‍ക്ക് മുന്നില്‍ ഫ്രഞ്ച് പട പകച്ചു നില്‍ക്കുന്ന കാഴ്‌ച്ച പലവട്ടം മ്യൂണിക്കിലെ അലയന്‍സ് അരീന ഇന്നലെ കണ്ടു. ഗ്യാലറിയില്‍ കൂടുതലും ഫ്രഞ്ച് അനുയായികളായിരുന്നു.

തുടക്കത്തിലേ നല്ലതാളത്തിലുള്ള മുന്നേറ്റം കാഴ്‌ച്ചവച്ച് ആരാധകരെ രസിപ്പിക്കാന്‍ ഫ്രാന്‍സിന് സാധിച്ചു. ഇടത് വശത്ത് കൂടിയുള്ള സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ മുന്നേറ്റത്തിനൊടുവില്‍ ഇടത് വിങ്ങില്‍ നിന്നും നല്‍കിയ അതിമനോഹരമായൊരു പാസിലേക്ക് ക്ലോസ് റേഞ്ചില്‍ ഓടിയെത്തിയ കോളോ മുവാനി ഹഡ്ഡറിലൂടെ സ്പാനിഷ് വല കുലുങ്ങി. സ്‌കോര്‍ 1-0ന് ഫ്രാന്‍സ് മുന്നില്‍. പക്ഷെ സ്പാനിഷ് താരങ്ങള്‍ കുലുങ്ങിയില്ല ഉണര്‍ന്നു. അതോടെ ഫ്രഞ്ച് താളം ഇഴഞ്ഞു.

കളിയുടെ താളം സ്പാനിഷ് കാലുകളില്‍ തെളിഞ്ഞതോടെ ഫ്രഞ്ച് പടയാളികള്‍ നോക്കുകുത്തികളായി. 21-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ആല്‍വാരോ മൊറാട്ടയില്‍ നിന്ന് പന്ത് സ്വീകരിച്ച യമാല്‍ ബോക്‌സിന് പുറത്ത് നടത്തിയ മികച്ച നീക്കങ്ങള്‍ക്കിടെ ഇടംകാല്‍ കൊണ്ട് തൊടുത്ത മികച്ചൊരു ഷോട്ടില്‍ മഴവില്ലിന്റെ ചാരുതയോടെ ഉയര്‍ന്നു പറന്ന പന്ത് ഗോള്‍ പോസ്റ്റിന്റെ ഇടത് തൂണില്‍ തട്ടി വലയ്‌ക്കകത്തേക്ക് വീണു. ഫ്രഞ്ച് കാവലാള്‍ മൈക്ക് മൈഗ്നാന്‍ തടുക്കാന്‍ ആവുന്നത് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്‌പെയിന്‍ ഒപ്പമെത്തി. ഈ ഗോള്‍ നേടുമ്പോള്‍ യമാലിന്റെ പ്രായം 16 വയസും 362 ദിവസവും. ഫ്രഞ്ച് ഗോള്‍ മുഖത്ത് സ്‌പെയിന്‍ അപകടം വിതച്ചുകൊണ്ടിരിക്കുന്നതിനിടെ നാല് മിനിറ്റ് തികയുമ്പോഴേക്കും അടുത്ത ഗോളും പിറന്നു. വലത് വശത്തു കൂടി പന്തുമായി ഫ്രഞ്ച് ബോക്‌സിനകത്ത് നിന്നും പെനല്‍റ്റി ഏരിയയിലേക്ക് കുതിച്ച ഡാനി ഓല്‍മോ ഫ്രഞ്ച് പ്രതിരോധ താരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തൊടുത്ത ഷോട്ട് വലയില്‍ കയറി. തടയാന്‍ ശ്രമിച്ച ഫ്രാന്‍സിന്റെ ജൂലെസ് കൗണ്ടെയുടെ കാലില്‍ തട്ടിയെങ്കിലും പന്തിന്റെ ലക്ഷ്യം മാറിയില്ല. മത്സരത്തിന് മൂന്നിലൊന്ന് സമയമാകും മുമ്പെ സ്‌പെയിന്‍ വിജയഗോള്‍ കുറിച്ചു. പിന്നെയും സ്‌പെയിന്‍ മുന്നേറിക്കൊണ്ടിരുന്നു. ഫ്രാന്‍സ് ഒരു മന്ദീഭവിച്ച നിലയിലായിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഗോള്‍ നേടും വരെ കണ്ട മൂകമായ അവസ്ഥയില്‍.

പരിക്കിന്റെ കേടുപാടുകള്‍ മാറ്റിയെത്തിയ കിലിയന്‍ എംബാപ്പെയുടെ പൊരുതല്‍ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ കണ്ട മാസ്മരിക ഗോളുകള്‍ ഓര്‍മിപ്പിച്ചെങ്കിലും ഒന്നും സംഭവിക്കാതെ കടന്നുപോയി. താരം നടത്തിയ മികച്ച മുന്നേറ്റങ്ങളും ഷോട്ടുകളും ഫലം കാണാതെ പോകുകയായിരുന്നു. രണ്ടാം പകുതിയിലും കാര്യമായൊന്നും സംഭവിച്ചില്ല. മത്സരത്തിനൊടുവില്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ പട നിരാശയോടെ ഡഗൗട്ടിലേക്ക്. മറ്റൊരു ഡഗൗട്ടില്‍ ഇരിപ്പുറപ്പിച്ചവര്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ആര്‍ത്തിരമ്പി കളത്തിലേക്കിരച്ചെത്തി സഹതാരങ്ങളെ പുല്‍കി. 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം യൂറോ കപ്പ് ഫൈനലില്‍ കടന്നതിന്റെ ആഘോഷമായിരുന്നു അവര്‍ക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by