ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ജെയിംസ് ആന്‍ഡേഴ്‌സന്‍ തന്റെ അവസാന മത്സരത്തിനായി ഇറങ്ങി. നാട്ടിലെത്തിയ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഉദ്ഘാടന മത്സരത്തിലാണ് താരം ഇറങ്ങിയത്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെ 41 കാരനായ ആന്‍ഡേഴ്‌സന്‍ കരിയറിനോട് വിട പറയും.
ഇന്നലെ 121 റണ്‍സിന് ഓള്‍ഔട്ടായ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് വീഴ്‌ത്തിയത് ആന്‍ഡേഴ്‌സന്‍ ആണ്. ആദ്യ ഇന്നിങ്‌സില്‍ താരം നേടിയ ഏക വിക്കറ്റ് ഇതുമാത്രം. 10.4 ഓവര്‍ എറിഞ്ഞ ആന്‍ഡേഴ്‌സന്‍ 26 റണ്‍സ് വഴങ്ങിയാണ് ഈ ഒരു വിക്കറ്റ് നേടിയത്.
കരിയറിലെ 188-ാം ടെസ്റ്റ് മത്സരമാണ് ആന്‍ഡേഴ്‌സന്‍ കളിക്കുന്നത്. 200 ടെസ്റ്റുകള്‍ കളിച്ച ഭാരത ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ് കൂടുതല്‍ ടെസ്റ്റ് മത്സരങ്ങല്‍ കളിച്ചിട്ടുള്ള താരം. 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന കരിയറില്‍ ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് കളിക്കാത്ത വര്‍ഷങ്ങളുണ്ടായിട്ടില്ല. ഈ നേട്ടം അവകാശപ്പെടാനുള്ളത് സച്ചിനും വിന്‍ഡിസ് മുന്‍ താരം ശിവ് നാരായണ്‍ ചന്ദര്‍പോളിനും മാത്രം.
കരിയറിനോട് വിട പറയുമ്പോള്‍ 700 വിക്കറ്റ് ക്ലബ്ബില്‍ എത്തിച്ചേരാന്‍ ആന്‍ഡേഴ്‌സന് സാധിച്ചു. ടെസ്റ്റ് വിക്കറ്റിലെ ആകെ നേട്ടം ഇന്നലെയോടെ 701 ആയി. 800 വിക്കറ്റ് തികച്ച ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ് വിക്കറ്റ് വേട്ടയിലെ റിക്കാര്‍ഡ് നേട്ടം. അന്തരിച്ച ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍(708 വിക്കറ്റുകള്‍) ആണ് രണ്ടാമത്. 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ഏക പേസ് ബൗളര്‍ എന്ന റിക്കാര്‍ഡ് കൂടി ആന്‍ഡേഴ്‌സന് അവകാശപ്പെടാനുണ്ട്. ആന്‍ഡേഴ്‌സണ്‍ 400, 500, 600 വിക്കറ്റുകള്‍ തികച്ചത് ഈ നാഴിക കല്ല് താണ്ടുന്ന ആദ്യ പേസ് ബൗളര്‍ എന്ന ബഹുമതിയോടെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: