കോഴിക്കോട്: പി.എസ്.സി. കോഴ വിവാദത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും തെറ്റായ പ്രവണത കണ്ടാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അതാത് കമ്മിറ്റികൾ അത് പരിശോധിക്കും. പേരുവെക്കാതെ ഒരു കടലാസിൽ ആര് പരാതിതന്നാലും പാർട്ടി അന്വേഷിക്കും. തെറ്റായ പ്രവണത കണ്ടാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചോ എന്ന കാര്യം ജില്ലാ സെക്രട്ടറിയോട് ചോദിക്കണം. പി.എസ്.സി. കോഴ വിവാദത്തേക്കുറിച്ച് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാകില്ല. ഈ സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിക്കും. മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാനകമ്മിറ്റിയ്‌ക്ക് പരാതി നൽകിയിട്ടില്ല’, എം.വി. ഗോവിന്ദൻ പറഞ്ഞു.
പി.എസ്.സി മെമ്പറാകാന്‍ പാര്‍ട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് തങ്ങള്‍ക്ക് ഒരറിവും ഇല്ലെന്നാണ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ കഴിഞ്ഞദിവസം പറഞ്ഞത്. മാധ്യമങ്ങള്‍ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതുപോലുള്ള അറിവ് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് ഇല്ല. എന്തെങ്കിലും കോലാഹാലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മോഹനൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: