ഇറാന്റെ പുതിയ പ്രസിഡന്റായി ഡോ. മസൂദ് പെസെഷ്കിയാന് തെരഞ്ഞെടുക്കപ്പെട്ടത് ആ രാജ്യത്തിന്റെയും ലോകത്തിന്റെയും സാഹചര്യങ്ങളില്‍ ആശാവഹമായ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നയതന്ത്രജ്ഞരും രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. കടുത്ത യാഥാസ്ഥിതികനും, ഇറാന് ആണവപദ്ധതിയുടെ വക്താവുമായിരുന്ന സയീദ് ജലീലിയെ തോല്‍പ്പിച്ച് മസൂദ് ഭരണാധികാരിയായിരിക്കുന്നതാണ് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. മസൂദിനെതിരെ മത്സരിച്ച മൂന്നുപേരും യാഥാസ്ഥിതികവാദികളായിരുന്നു. ഇവരെ നിരാകരിച്ചാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മസൂദിന് ഇറാന് ജനത അധികാരം നല്കിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ആധുനിക ലോകത്ത് ആഗോള ഇസ്ലാമിക മതമൗലികവാദത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ആയത്തുള്ള ഖൊമേനിയുടെ നാട്ടില്‍ തീവ്രമതനിലപാടുകളോടു വിയോജിപ്പു പുലര്‍ത്തുന്നയാളും, അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള നേതാവുമാണ് ഡോ. മസൂദ്. ഇതുതന്നെയാണ് ഈ നേതാവിന് അനുകൂലമായി വിധിയെഴുതാന്‍ ഇറാന് ജനതയെ പ്രേരിപ്പിച്ചതെന്നാണ് കരുതേണ്ടത്. ഇറാന്റെ മുന്‍ ആരോഗ്യമന്ത്രിയെന്ന നിലയ്ക്ക് അനുഭവ സമ്പന്നനും, ഇറാനിലെ മതന്യൂനപക്ഷമായ അസേറി വിഭാഗത്തില്‍പ്പെടുന്നയാളുമാണ് മസൂദ്. ഇതും പുതിയ സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ഭരണനടപടികളിലും മാറ്റം കൊണ്ടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൊണ്ടായിരിക്കാം അഫ്ഗാനിസ്ഥാനില്‍ മതഭീകരരായ താലിബാന് അധികാരം പിടിച്ചപ്പോള്‍ അതൊരു വിസ്മയമായിക്കണ്ടവര്‍ ഇറാനിലെ ഇപ്പോഴത്തെ ഭരണമാറ്റത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാത്തത്.
പരിഷ്കരണവാദിയായ മസൂദ് പ്രസിഡന്റായിരിക്കുമ്പോള്‍ ഭാരത-ഇറാന് ബന്ധത്തെ അത് എങ്ങനെയൊക്കെ സ്വാധീനിക്കും, എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരും എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആഭ്യന്തരവും രാജ്യാന്തരവുമായ മാറ്റങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നയാളെന്ന നിലയ്ക്ക് നിരവധി വെല്ലുവിളികള്‍ പെസെഷ്കിയാന് നേരിടേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. മതമൗലികവാദികള്‍ ശക്തരായി തുടരുകയും, മതനേതാവായ ആയത്തുള്ള ഖമേനി പരമാധികാരിയായി തുടരുകയും ചെയ്യുമ്പോള്‍ മസൂദിന് ഒരുപാട് പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും. ഇറാനിലെ അധികാരമാറ്റം ഭാരതവുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നാണ് ഇറാന് അംബാസഡര്‍ ഇറാജ് എലാനി പറഞ്ഞത്. ഇറാനും ഭാരതവും തമ്മില്‍ ചരിത്രപരമായിത്തന്നെ വലിയ ബന്ധമുണ്ട്. ഇരുരാജ്യങ്ങളുടെയും ആഭ്യന്തര പ്രശ്നങ്ങള്‍ ഈ ബന്ധത്തെ ബാധിക്കാറില്ല. ഇതിന് തെളിവാണ് അമേരിക്കയുടെ പോലും എതിര്‍പ്പ് തള്ളി ഇറാന് തീരത്തെ ഛബഹാര്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഭാരതം ഏറ്റെടുത്തത്. പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും ഭാരതത്തിന്റെ വാണിജ്യ ഇടപാടുകള്‍ ഈ തുറമുഖം വഴി ശക്തമാക്കാന്‍ കഴിയും. ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്പത്തിക ഉപരോധമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഇറാനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവാന്‍ ഭാരതം അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഛബഹാര്‍ തുറമുഖ നിര്‍മാണത്തിന്റെ നിര്‍ണായകമായ കരാറുകള്‍ ഒപ്പുവച്ചത് മോദി സര്‍ക്കാരിന്റെ ഭരണകാലത്താണ്.
‘സാത്താനിക് വേഴ്സസ്’ എഴുതിയ സല്മാന് റുഷ്ദിക്കെതിരെ വധഫത്വ പുറപ്പെടുവിച്ച ആയത്തുള്ള ഖൊമേനിയുടെ നാടാണ് ഇറാന്. സ്ത്രീകള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമുയരുകയും നിരവധി സ്ത്രീകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ട് അധികം നാളായിട്ടില്ല. പെസെഷ്കിയാന്റെ ഭരണത്തിന് കീഴില്‍ തങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷ സ്ത്രീകള്‍ക്കുണ്ട്. ഇറാന് പ്രസിഡന്റായിരുന്ന എബ്രാഹിം റയ്സിയും വിദേശകാര്യമന്ത്രി ഹൊസൈന്‍ അമിര്‍ അബ്ദൊള്ളാഹിയാനും ഉദ്യോഗസ്ഥരും ഒരു ഹെലികോപ്റ്ററപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭാരതം അസംസ്കൃത എണ്ണ വാങ്ങുന്ന പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇറാന്. പാശ്ചാത്യ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഭാരതത്തിലേക്കുള്ള അസംസ്കൃത എണ്ണയുടെ കയറ്റുമതിയിലൂടെ വലിയ വരുമാനമാണ് ഇറാന് ലഭിക്കുന്നത്. കുറഞ്ഞ നിരക്കില്‍ അസംസ്കൃത എണ്ണ നല്കുന്ന വിശ്വാസ്യതയുള്ള രാജ്യം എന്ന പരിഗണന ഭാരതവും ഇറാനു നല്‍കുന്നുണ്ട്. അതേസമയം ഇസ്രായേലിനോട് എന്തു നയമാണ് പ്രസിഡന്റ് മസൂദിന്റെ ഭരണത്തിന് കീഴില്‍ ഇറാന് സ്വീകരിക്കുകയെന്നത് ഭാരതം കരുതലോടെയും സൂക്ഷ്മതയോടെയും വീക്ഷിക്കും. മേഖലയിലെ നയതന്ത്ര നീക്കങ്ങളെ സ്വാധീനിക്കുന്ന ഒരു ഘടകവുമായിരിക്കും ഇത്. ഭാരതവും ഇറാനുമായി തുടരുന്ന ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്താന്‍ പെസെഷ്കിയാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: