അടുത്തിടെയാണ് തനിക്ക് ഒരു അപൂർവ്വ രോഗമാണെന്ന് ബാഹുബലി താരം അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയത്. ലാഫിംഗ് ഡിസീസ് എന്നതാണ് അനുഷ്കയെ ബാധിച്ച രോഗം. ചിരിയെങ്ങനെയാണ് ഒരു അസുഖമാവുക എന്ന് ആരുമൊന്നു ചിന്തിക്കും, എന്നാൽ ചിരി അനുഷ്കയെ സംബന്ധിച്ച് അൽപ്പം അസ്വസ്ഥതയുള്ള കാര്യമാണ്. ഒരു വീഡിയോ അഭിമുഖത്തിൽ, തനിക്ക് ഒരു അപൂർവ ചിരിരോഗമുണ്ടെന്ന് വെളിപ്പെടുത്തിയ അനുഷ്ക, ഒരിക്കൽ ചിരി തുടങ്ങിയാൽ അത് നിർത്താൻ വലിയ ബുദ്ധിമുട്ടാണെന്നും വെളിപ്പെടുത്തി.
“എനിക്ക് ലാഫിംഗ് ഡിസീസ് ഉണ്ട്. നിങ്ങൾ ചിന്തിച്ചേക്കാം, ‘ചിരിക്കുന്നതൊരു പ്രശ്നമാണോ?’എന്ന്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയാണ്. ഞാൻ ചിരിക്കാൻ തുടങ്ങിയാൽ, എനിക്ക് 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ കഴിയില്ല. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ, ഞാൻ അക്ഷരാർത്ഥത്തിൽ ചിരിച്ചുകൊണ്ട് തറയിൽ ഉരുളുന്നു, ഷൂട്ടിംഗ് പലതവണ നിർത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്,” അനുഷ്കയുടെ വാക്കുകളിങ്ങനെ.
എന്താണ് ലാഫിംഗ് ഡിസീസ്?
“ലാഫിംഗ് ഡിസീസിനെ സ്യൂഡോബുൾബാർ ഇഫക്റ്റ് എന്നാണ് മെഡിക്കൽ സയൻസിൽ പറയുന്നത്,” ന്യൂറോളജിസ്റ്റ് ഡോ സുധീർ കുമാർ പറഞ്ഞു.
സ്യൂഡോബുൾബാറിന്റെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്:
* പെട്ടെന്ന് ചിരിക്കുന്നതോ കരയുന്നതോ ആയ അവസ്ഥ
* ഈ അവസ്ഥ സാധാരണയായി 15-20 മിനിറ്റ് സമയത്തോളം നീണ്ടുനിൽക്കും
പലപ്പോഴും ചിരിയ്‌ക്ക് പ്രേരിപ്പിക്കുന്ന ഘടകം നിസ്സാരമായ എന്തെങ്കിലുമായിരിക്കും, അതിനർത്ഥം വൈകാരിക പ്രതികരണവും രോഗാവസ്ഥയെ ട്രിഗർ ചെയ്യുന്ന കാരണവും തമ്മിൽ ആനുപാതികമായ ബന്ധമൊന്നും കാണില്ല എന്നതാണ്. ലാഫിംഗ് ഡിസീസ് ഉള്ളവർ നിർത്താതെ ചിരിക്കുമ്പോൾ അതു കണ്ടിരിക്കുന്നവർക്ക് ആ പ്രതികരണം മനസ്സിലാകണമെന്നില്ല. മറ്റുള്ളവർക്ക് അതത്ര തമാശയായും തോന്നില്ല. അതുകൊണ്ടു തന്നെ ഈ രോഗാവസ്ഥ ഉള്ളവർക്ക് അവരുടെ പ്രതികരണം ലജ്ജാകരമായി തോന്നാം,” ഡോ സുധീർ കുമാർ പറഞ്ഞു.
എന്താണ് ഈ രോഗത്തിന്റെ അടിസ്ഥാന കാരണം?
മോട്ടോർ ന്യൂറോൺ ഡിസീസ് (എംഎൻഡി)/അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്), മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്), ബ്രെയിൻ സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ, അല്ലെങ്കിൽ ട്രോമാറ്റിക് ബ്രെയിൻ ഇൻജ്വറി എന്നിങ്ങനെയുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എല്ലാം ലാഫിംഗ് ഡിസീസിനു കാരണമാവാം എന്നും ഡോ സുധീർ കൂട്ടിച്ചേർത്തു.
ഈ അവസ്ഥയുടെ കൃത്യമായ കാരണം ഓരോ ആളുകളിലും വ്യത്യാസപ്പെടാം, ചില സന്ദർഭങ്ങളിൽ രോഗത്തിന്റെ ഉത്ഭവം അജ്ഞാതമായി തുടരുന്നു. ലാഫിംഗ് രോഗം പലപ്പോഴും മാനസിക രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും ഡോക്ടർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: