പാരീസ്: ഡയമണ്ട് ലീഗില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കോര്‍ഡ് തിരുത്തി ഭാരത അത്‌ലറ്റ് അവിനാഷ് സാബ്ലെ. ഞായറാഴ്ച രാത്രി പാരീസ് ഡയമണ്ട് ലീഗില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലാണ് സ്വന്തം പേരിലുള്ള റിക്കോര്‍ഡ് തിരുത്തിയ സാബ്ലെയുടെ പ്രകടനം. ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത 29കാരന്‍ എട്ട് മിനിറ്റ് 9.91 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ കടന്നത്. എട്ട് മിനിറ്റ് 11.20 സെക്കന്‍ഡിന്റെ റക്കോര്‍ഡാണ് അവിനാഷ് തിരുത്തിയെഴുതിയത്. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുകൂടിയാണ് അവിനാഷ്.
പാരീസ് ഒളിംപിക്സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ റിക്കോര്‍ഡ് തിരുത്താനായത് അവിനാഷിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.
2022 ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയശേഷമുളള അവിനാഷിന്റെ മികച്ചപ്രകടനം കൂടിയായിരുന്നു ഇത്. അന്നും സ്വന്തം ദേശീയ റെക്കോഡ് തിരുത്തിയായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ മണ്‍ഡ്വാ ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുവരുന്ന താരം ഇത് പത്താം തവണയാണ് ദേശീയ റെക്കോഡ് തിരുത്തുന്നത്.
അതേസമയം, ഫൈനലില്‍ ഫോട്ടോ ഫിനിഷിലാണ് വിജയിയെ തീരുമാനിച്ചത്. എട്ട് മിനിറ്റ് 2.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എത്യോപ്യയുടെ അബ്രഹാം സൈം ഒന്നാംസ്ഥാനം സ്വന്തമാക്കി. കെനിയയുടെ അമോസ് സെറെമിനാണ് (എട്ട് മിനിറ്റ് 02.36 സെ) വെള്ളി.
അതേസമയം പുരുഷ ജാവലിന്‍ ത്രോയില്‍ മത്സരിച്ച ഭാരത താരം കിഷോര്‍ ജെന എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തില്‍ എറിഞ്ഞ 78.10 മീറ്ററാണ് ജെന എറിഞ്ഞ ദൂരം.
ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ 85.91 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. ഗ്രനഡയുടെ ആന്‍ഡേഴ്‌സ് പീറ്റേഴ്‌സ് 85.19 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാല്‍ഡെച്ച് 85.04 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: