ന്യൂദല്‍ഹി: നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുളള റൂട്ടില്‍ ബസ് സര്‍വീസ് നടത്താന്‍ അധികാരം കെ.എസ്.ആര്.ടി.സിക്കാണെന്ന് കേരള സര്‍ക്കാര്‍.ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും കെ.എസ്.ആര്.ടി.സി ഒരുക്കിയിട്ടുണ്ടെന്നാണ് വാദം.97 ഡിപ്പോകളില്‍ നിന്ന് ബസുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ബസില്‍ തീര്‍ത്ഥാടകര്‍ നിന്ന് യാത്ര ചെയ്യുകയാണെന്നും വേണ്ടത്ര ബസുകള്‍ ഇല്ലെന്നുമുള്ള വാദം തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പ്രത്യേക ചാര്‍ജ്ജ് ഈടാക്കുന്നതെന്നും കോടതിയെ അറിയിച്ചു.
20 ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയുന്ന സ്കീം നിലവില്‍ സംസ്ഥാനത്ത് ഇല്ല. ഇങ്ങനെ സര്‍വീസ് അനുവദിക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ സത്യവാംഗ്മൂലത്തില്‍ പറയുന്നു.
കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചെങ്കിലും മറുപടിക്ക് കെഎസ്ആര്‍ടിസി സമയം തേടി. ഇതോടെ കേസ് രണ്ട് മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: