കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു. ഇക്കാര്യം വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനും മുഖ്യമന്ത്രി പിണറായി വിജയനും ഒഴികെ ബാക്കി എല്ലാവര്ക്കും ഏതാണ്ട് ബോധ്യമായി. കേരളത്തില്‍നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിദേശ സര്‍വ്വകലാശാലകളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന സാഹചര്യമാണുള്ളത്. ഇവിടേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നവരാരും തന്നെ സമ്പന്നരോ വിദേശ സര്‍വ്വകലാശാലകളിലെ ഉയര്‍ന്ന സാമ്പത്തിക ചെലവ് വഹിക്കാന്‍ കെല്‍പ്പുള്ളവരോ അല്ല. ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികളും സ്കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും ഒക്കെ കൊണ്ട് എങ്ങനെയെങ്കിലും പഠനം പൂര്‍ത്തിയാക്കി വിദേശത്ത് ജോലി സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇംഗ്ലണ്ട് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ചെലവിനുള്ള പണം കണ്ടെത്താന്‍ പാര്‍ട് ടൈം തൊഴിലുകള്‍ കണ്ടെത്താന്‍ അവസരമുണ്ട്. അതുകൊണ്ടുതന്നെ നാട്ടില്‍നിന്ന് വന്‍തോതില്‍ പണം എത്തിക്കാതെ ചെലവിനുള്ള പണം കണ്ടെത്താനും സ്കോളര്ഷിപ്പുകൊണ്ട് പഠിപ്പ് പൂര്‍ത്തിയാക്കാനും കഴിയും.
അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നതിനും വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി ഇടപഴകാനും ഒക്കെയുള്ള അവസരം ഇവിടെ ലഭിക്കും. ജോലി തേടിയാണ് വിദേശ രാജ്യങ്ങളിലേക്ക് മലയാളികള്‍ പോയിരുന്നതെങ്കില്‍ ഇന്ന് വിദ്യാഭ്യാസത്തിനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പോകുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്ന് ആത്മപരിശോധന നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരും കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികളാണ്.
കേരളത്തില്‍നിന്ന് നേരത്തെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കാണ് കൂടുതല്‍ കുട്ടികളും വിദേശത്തേക്ക് പോയിരുന്നത്. പക്ഷേ, ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നത് ബിരുദ കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുമാണ്. ഒന്നാം പിണറായി സര്‍ക്കാരിനുശേഷം രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് വിദേശ വിദ്യാഭ്യാസത്തിനുള്ള കുത്തൊഴുക്ക് ആരംഭിച്ചത് എന്നതാണ് ശ്രദ്ധേയം. 2021 മുതല്‍ പ്രതിവര്‍ഷം കുറഞ്ഞത് 35,000 വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നത്. ഇപ്പോള്‍ പ്രതിവര്‍ഷം ശരാശരി 75000 ത്തിനും ഒരു ലക്ഷത്തിനും അടുത്തേക്ക് എത്തിയിരിക്കുന്നു എന്നാണ് അനൗദ്യോഗിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തിനുവേണ്ടി ഏതാണ്ട് 5000 കോടി രൂപയെങ്കിലും കേരളത്തില്‍നിന്ന് പുറത്തേക്ക് ഒഴുകുന്നുണ്ട്. വിദേശ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനായി കേരളത്തില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെയും കാണണം. കേരളത്തില്‍ മൂവായിരത്തോളം ഇത്തരം എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോഴാണ് ഈ രംഗത്തെ വിപണി ലാഭ സാധ്യതകള്‍ മനസ്സിലാവുക. പല പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കാളിത്തമുള്ളതും പങ്കുകച്ചവടം ഉള്ളതുമായ എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ പോലും നിലവിലുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പോകുന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലും വന്നിരുന്നു. അവര്‍ നടത്തിയ പഠനത്തില്‍ വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളില്‍ മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍നിന്ന് 11 ശതമാനം വീതവും കേരളത്തില്‍നിന്ന് നാല് ശതമാനവുമാണ്. കേരളത്തിലും ഈ പ്രശ്നം നിയമസഭയില്‍പോലും ചര്‍ച്ച ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് പഠിക്കാന്‍വേണ്ടി രണ്ട് സമിതികളെയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ സജി ഗോപിനാഥന്റെയും കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലറുടെയും നേതൃത്വത്തിലായിരുന്നു സമിതികള്‍. സമിതികളുടെ റിപ്പോര്‍ട്ട് വരും മുന്‍പേ വൈസ്ചാന്‍സലര്‍മാരുടെ പണിതന്നെ പോയതുകൊണ്ട് റിപ്പോര്‍ട്ട് എവിടെയും എത്തിയില്ല. ഇക്കാര്യത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പോ മന്ത്രിയോ മുഖ്യമന്ത്രിയോ ആരുംതന്നെ പിന്നീട് പ്രതികരിച്ചതുമില്ല. ഇതിനിടെ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ വിദേശപഠനം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. വിദ്യാര്‍ഥികളുടെ വിദേശപഠനം നിയന്ത്രിക്കുന്നത് മൗലികാവകാശ ലംഘനമാവും എന്നതുകൊണ്ട് വിദേശ വിദ്യാഭ്യാസം ഉറപ്പാക്കുന്ന കണ്‍സള്‍ട്ടന്‍സികളെ നിയന്ത്രിക്കാനുള്ള നിയമമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിച്ചത്. അതാകട്ടെ സമിതി റിപ്പോര്‍ട്ട് ഇനിയും വരാത്തതുകൊണ്ട് എവിടെയും എത്തിയില്ല.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഇന്നത്തെ പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദി? വോട്ടുബാങ്കിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ അനുവര്‍ത്തിക്കുകയും വിശാല കാഴ്ചപ്പാടും മൂല്യബോധവുമുള്ള ധിഷണാശാലികളായ, അഴിമതിയില്ലാത്ത വിദ്യാഭ്യാസ മന്ത്രിമാര്‍ ഉണ്ടാകാത്തതുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പ്രധാനകാരണം. 1957 ല്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ അദ്ദേഹം കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതും സമഗ്രപരിഷ്കരണം ലക്ഷ്യമിട്ടുള്ളതുമായിരുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ അടിച്ചുമാറ്റുന്ന സ്വകാര്യമുതലാളിമാരെ പ്രീണിപ്പിക്കാന്‍ വേണ്ടി ആ വിദ്യാഭ്യാസനയത്തില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു. പിന്നീട് പി.പി. ഉമ്മര്‍കോയയും ഒരു പരിധിവരെ കെ.ചന്ദ്രശേഖരനും മാത്രമാണ് വിദ്യാഭ്യാസത്തോടും ഉന്നത വിദ്യാഭ്യാസത്തോടും നീതി കാട്ടിയത്. കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസുകളെയും വിദ്യാഭ്യാസരംഗം ഏല്‍പ്പിച്ചതോടെ വിശാല കാഴ്ചപ്പാടോ വീക്ഷണമോ ഇല്ലാതെ വെറും സാമുദായിക താല്പര്യവും ജാതി, മത പ്രീണനവുമായി വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞു. പ്രീ ഡിഗ്രി ബോര്‍ഡിനെതിരെ എസ്എഫ്ഐയും ഇടതുമുന്നണിയും സമരം ചെയ്തപ്പോള്‍ നിര്‍ത്തിവെച്ച ആ പരിഷ്കരണം അടുത്തതവണ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഒരു വ്യത്യാസവും ഇല്ലാതെ നടപ്പിലാക്കി. കേരളത്തിന്റെ താല്പര്യങ്ങളോടും സംസ്ഥാനത്തിന്റെ വികസനത്തോടും യുവജനങ്ങളുടെ തൊഴില്‍ ലഭ്യതയോടുമുള്ള മുന്നണികളുടെ സമീപനം വ്യക്തമാകാന്‍ ഈ ഉദാഹരണം മാത്രം മതി. ഭാരതത്തിലെ മറ്റു സര്‍വ്വകലാശാലകളില്‍ ആഗോളതലത്തില്‍തന്നെ ശ്രദ്ധേയമായ പുതിയ കോഴ്സുകളും കോഴ്സുകളുടെ മിശ്രണങ്ങളും ഉണ്ടാകുമ്പോള്‍ ഇന്നും പരമ്പരാഗത കോഴ്സുകളും പുതുമയുള്ള വിഷയങ്ങളും ഇല്ലാതെ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഞൊണ്ടുകയാണ്.
അടുത്തിടെ ഒരു സെമിനാറില്‍ കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമായിരുന്നു. അദ്ദേഹം പൂനയില്‍നിന്ന് വിമാനത്തില്‍ വരുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിനി പൂനയില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഡിഗ്രി കോഴ്സിന് എന്തിനാണ് പൂനയില്‍ പോകുന്നത് എന്നുചോദിച്ചപ്പോള്‍ സാമ്പത്തികശാസ്ത്രവും പരിസ്ഥിതിയും രാഷ്ട്രമീമാംസയും ഒന്നിച്ചുള്ള ഒരു കോഴ്സിന് വേണ്ടിയാണ് പൂനയില്‍ പോയതെന്നും ഐക്യരാഷ്ട്രസഭയിലും അന്താരാഷ്ട്ര ഏജന്‍സികളിലും ജോലി കിട്ടാന്‍ ഏറ്റവും നല്ല കോഴ്സാണ് ഇതെന്നും ആ വിദ്യാര്‍ഥിനി പറഞ്ഞത്രേ. ഫോറന്‍സിക് സയന്‍സും ആര്‍ക്കിയോളജിയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും എന്‍വയോണ്‍മെന്റല്‍ സയന്‍സും അടക്കം ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുള്ള എത്ര കോഴ്സുകള്‍ കേരളത്തിലുണ്ട്? കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയും മാനേജ്മെന്റ് അക്കൗണ്ടന്‍സിയും ബി.കോം ബിരുദത്തിനൊപ്പം കോഴ്സ് ആയി എത്തിയിരിക്കുന്നു. ചിലയിടത്തൊക്കെ കമ്പനി സെക്രട്ടറി കോഴ്സുമുണ്ട്. ഈ തരത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കുന്ന പുതിയ കോഴ്സുകളും പാഠ്യക്രമങ്ങളും കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ആരാണ് ഈ പരാജയത്തിന് ഉത്തരവാദി?
കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന ഈ പ്രശ്നം ഗൗരവത്തോടെ ചര്‍ച്ചചെയ്യാന്‍ കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ക്കോ അധ്യാപക സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ഥികളെ പഠിപ്പിക്കാതെ വേതനം കൂട്ടി വാങ്ങാനും അവകാശങ്ങള്‍ നേടിയെടുക്കാനും മാത്രമാണ് അധ്യാപക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. അച്ചടക്കവും മൂല്യബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ബാധ്യസ്ഥരായ അധ്യാപകസമൂഹം സ്വന്തം കടമ നിറവേറ്റുന്നുണ്ടോ എന്നകാര്യം നെഞ്ചില്‍ കൈവെച്ച് ആലോചിക്കട്ടെ. ഇതേ രീതിയില്‍തന്നെ അധ്യാപകന്റെ കാലുവെട്ടുമെന്നും ഇടതുപക്ഷക്കാരി തന്നെയായ സഹവിദ്യാര്ഥിനിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അധമവിഭാഗമായി വിദ്യാര്‍ഥി സംഘടനകളില്‍ ചിലരെങ്കിലും അധ:പതിച്ചിരിക്കുന്നു.
യോഗ്യതയില്ലാത്തവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്ന സുപ്രീംകോടതി ഉത്തരവോടെ നാഥനില്ലാക്കളരിയായി മാറിയിരിക്കുന്ന സര്‍വകലാശാലകള്‍ക്ക് വൈസ്ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങളെ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ എന്ത് ഉദ്ദേശശുദ്ധിയാണുള്ളത്? ആറുതവണ വിസി നിയമന സമിതിക്ക് സര്‍വകലാശാലയുടെ നോമിനിയെ തേടി കത്തയച്ചിട്ടും അത് നല്‍കാതെ നിയമനം അലസിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ താല്പര്യം പെട്ടിയെടുപ്പുകാരെയും അഴിമതിക്കാരെയും വൈസ്ചാന്‍സലര്‍ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതുതന്നെയാണ്. സര്‍വ്വകലാശാലകളിലെ നിയമനത്തില്‍ വന്നിട്ടുള്ള വന്പാളിച്ച കാണാതെ പോകരുത്. പ്രമുഖ നേതാക്കളുടെ ഭാര്യമാരും കുടുംബാംഗങ്ങളും ബന്ധുക്കളും മെറിറ്റ് അട്ടിമറിച്ച് അധ്യാപകരാകുന്ന സാഹചര്യം ഉന്നത വിദ്യാഭ്യാസത്തിന് ഭൂഷണമല്ല. ഇവര്‍ക്കൊന്നും പഠിപ്പിക്കാനുള്ള യോഗ്യതയില്ല എന്നതുകൊണ്ട് തന്നെയാണ് വിദ്യാര്‍ഥികള്‍ മറ്റിടങ്ങളിലേക്ക് ചേക്കേറുന്നതും. വിദേശത്തേക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഭാരതത്തിലെ തന്നെ സ്വകാര്യ കല്‍പ്പിത സര്‍വകലാശാലകളിലേക്കും പോകുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഗ്രസിച്ചിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഭാവാത്മകമായി പഠിക്കുകയും പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാവുകയും ചെയ്തില്ലെങ്കില്‍ സാക്ഷരകേരളത്തിലെ യുവജനങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പറന്നുയരും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: