ഭാരതീയ സാക്ഷ്യ അധിനീയം (2023), ക്രിമിനല്‍ നടപടിക്രമനിയമങ്ങളെ യോജിപ്പിച്ച് ഭേദഗതി വരുത്തി കാലാനുസൃതമായി പരിഷ്കരിച്ചു തയ്യാറാക്കിയിട്ടുള്ളതാണ്. 2023 ഓഗസ്റ്റ് 11 നാണ് ഭാരതീയ സാക്ഷ്യ ബില്‍, 2023 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 12-ന് ഭാരതീയ സാക്ഷ്യ (രണ്ടാം) ബില്‍, 2023 ലോക്സഭയില്‍ കൊണ്ടുവന്നു. ഡിസം. 20 ന് ഭാരതീയ സാക്ഷ്യ (രണ്ടാം) ബില്‍, ലോക്സഭയിലും 21ന് രാജ്യസഭയിലും പാസ്സാക്കി. ഡിസം.25-ന് രാഷ്ട്രപതിയുടെ അനുമതി നേടി.
ഭാരതീയ സാക്ഷ്യ അധിനീയം 2023, ഇന്ത്യന്‍ തെളിവ് നിയമം 1872 ന്റെ പ്രധാനമായ വകുപ്പുകള്‍ തുടര്‍ന്ന് നടപ്പിലാക്കുന്നതിനും അംഗീകരിക്കുകയും അതിനൊപ്പം ഒന്നര നൂറ്റാണ്ടിലെ സാമൂഹിക സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രധാനമായ തെളിവ് സ്വീകരണ സംവിധാനം പുനക്രമീകരിച്ചു. ഇലക്ട്രോണിക് ഡിജിറ്റല്‍ റീഡിങ്ങുകള്‍, കമ്പ്യൂട്ടര്‍ ഡോക്യുമെന്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ഇ-മെയില്‍, വെബ്സൈറ്റുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങളിലെ സന്ദേശങ്ങള്‍, സ്ഥല നിര്‍ണയങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, എന്നിവയിലെ രേഖകളും റെക്കോര്‍ഡിങ്ങുകളും തെളിവായി സ്വീകരിക്കാന്‍ വകുപ്പ് കൊണ്ടുവന്നു. വാക്കാല്‍ ഉപയോഗിക്കപ്പെടുന്ന തെളിവുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ അന്വേഷണ വസ്തുക്കളുമായി ചേര്‍ത്ത് സാക്ഷികള്‍ക്ക് കോടതിയില്‍ ബോധിപ്പിക്കാന്‍ അനുവാദം വന്നു.
കുറ്റസമ്മതം നടത്തല്‍, പരപ്രേരണയോ, ഭീഷണിയോ, ബലപ്രയോഗമോ വഴി അല്ലാതെയുള്ളത് കുറ്റാരോപിതന് അയാള്‍ക്കെതിരായ കുറ്റപരാമര്ശത്തില് ന്യായമെന്ന് ബോധ്യമാകുന്നവ കോടതിയില്‍ നല്‍കാം. തെളിവ് ശേഖരിക്കലും വിചാരണയും ചിത്രീകരിക്കുന്നതിനും അവ ഇലക്ട്രോണിക് ഡിജിറ്റല്‍ രൂപത്തില്‍ തെളിവായി അംഗീകരിക്കുന്നതിനും വ്യവസ്ഥ വന്നു. രണ്ടാം തരം തെളിവുകള്‍ കേസുകളുടെ സ്വഭാവത്തിന് അനുസരിച്ച് വാക്കാലോ രേഖാമൂലമോ ബോധ്യപ്പെടുത്താനുള്ള അധികാരം വന്നു. ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ തെളിവായി നല്കാന് വ്യവസ്ഥ കൊണ്ടുവന്നു. കൂട്ട വിചാരണയില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികളില്‍ ഒരാള്‍ കുറ്റസമ്മതം നടത്തിയാലും തെളിവായെടുത്ത്, ഒളിവില്‍ നില്ക്കുന്ന പ്രതികളുടെ ഉള്‍പ്പടെ വിചാരണ ഒരുമിച്ച് നടത്താന്‍ കഴിയും.
ഭാരതീയ സാക്ഷ്യ അധിനീയം 11 അധ്യായങ്ങളിലായി 170 വകുപ്പുകളില്‍ തെളിവ് നിയമത്തെ സംബന്ധിക്കുന്ന ആനുകാലിക മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംയോജിപ്പിച്ചു. അധ്യായം 1 സെക്ഷന്‍ 2-ല്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍വചനങ്ങളും കാലിക പ്രസക്തിയുള്ള വിവരണങ്ങളും വിവക്ഷകളും തെളിവ് നിയമത്തില്‍ പ്രസക്തമാക്കി. നിര്‍ണായക തെളിവുകളും പ്രമാണങ്ങള്‍, ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, മാപ്പുകള്‍ തുടങ്ങി വസ്തുതാപരവും തെളിയിക്കപ്പെടേണ്ടതുമായ വസ്തുതകളുടെ അനുമാനവും പ്രസക്തിയും വാക്കുകളുടെയും ഭാവങ്ങളുടെയും സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള തെളിവ് ശേഖരിക്കലും ഉള്‍പ്പെടുത്തലും എല്ലാം തെളിവ് നിയമത്തിന്റെ കൂട്ടിച്ചേര്‍ക്കലില്‍ വന്നു. അധ്യായം രണ്ടില്‍ വസ്തുതകളുടെ പ്രസക്തിയും അംഗീകാരവും തെളിയിക്കപ്പെടേണ്ട ഭാഗങ്ങളും സാഹചര്യങ്ങളും സ്വഭാവ സവിശേഷതകളും ഉള്‍പ്പെടുത്തി.
സെക്ഷന്‍ മൂന്ന് മുതല്‍ 50 വരെ തെളിവ് സ്വീകരിക്കലും രേഖകള്‍ അംഗീകരിക്കലും തെളിവുകളുടെ പ്രത്യേകമായ രേഖകള്‍ പരിഗണിക്കലും വിദഗ്ധ അഭിപ്രായങ്ങള്‍ തെളിവിലേക്ക് കൊടുക്കുന്നതും എല്ലാം ഉള്‍പ്പെടുത്തി. സെക്ഷന്‍ 3 വസ്തുതകള്‍ക്ക് പ്രസക്തമായ തെളിവുകള്‍ നല്‍കുന്നതിനും സെക്ഷന്‍ 4 ബന്ധപ്പെട്ട വസ്തുതകള്‍ പരിഗണിക്കുന്നതുമാക്കി. സെക്ഷന്‍ അഞ്ചും ആറും വസ്തുതകളുടെ സന്ദര്‍ഭവും പ്രസക്തിയും സ്വഭാവവും അത് ലിംഗ ഭേദമില്ലാതെ പരിഗണിക്കുന്നതിന് ചിത്രീകരണവും ഉള്‍പ്പെടുത്തി. സെക്ഷന്‍ ഏഴിലും എട്ടിലും തെളിയിക്കപ്പെടേണ്ട വസ്തുതകളുടെ ഗൂഢാലോചനയില്‍ പെട്ടവര്‍ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ തെളിവാക്കി.
സെക്ഷന്‍ 12ലും 13ലും ശാരീരികമോ മാനസികമോ ആയ വികാരങ്ങളുടെ അസ്തിത്വവും മനപ്പൂര്‍വ്വമോ പൊടുന്നനെയോ ഉണ്ടാകുന്നതുമായ വസ്തുതകളും പരിഗണിക്കുന്നു. സെക്ഷന്‍ 15 ല്‍ വാക്കാലും വസ്തുതാപരവുമായ ഉള്ളടക്കം, ഇലക്ട്രോണിക് മാധ്യമത്തിലടക്കം ഉള്‍പ്പെട്ടിട്ടുള്ള പ്രസക്തമായ വസ്തുതകള്‍ അഡ്മിഷന് ഭാഗമായി. സെക്ഷന്‍ 17 മുതല്‍ 21 വരെ കക്ഷികള്‍ക്ക് തെളിയിക്കേണ്ടതോ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതോ ആയ രേഖകളുടെ ഉള്ളടക്കമോ അത് സംബന്ധിച്ച് വാക്കാലുള്ള പരാമര്‍ശങ്ങളോ എല്ലാം ഉള്‍പ്പെടുന്നു. സെക്ഷന്‍ 22 പ്രകാരം നിര്‍ബന്ധപൂര്‍വ്വമോ, ഭീഷണി, പ്രേരണ, വാഗ്ദാനങ്ങള്‍ എന്നിവയാലോ ഉണ്ടാകുന്ന കുറ്റസമ്മതം ക്രിമിനല്‍ നടപടികള്‍ക്ക് അപ്രസക്തമാക്കും. അതില്‍ നിര്ബന്ധമെന്നുള്ളത് ചേര്‍ത്തു. സെക്ഷന്‍ 23ല്‍ പോലീസ് ഓഫീസറോടുള്ള കുറ്റസമ്മതം ആ വ്യക്തിക്കെതിരെ ഉപയോഗിക്കുന്നത് തടയുന്നു. സെക്ഷന്‍ 24ല്‍ സമ്മതം വ്യക്തിയെ ബാധിക്കുന്നതും വിചാരണയില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുന്നതും കൊണ്ടുവന്നു. സെക്ഷന്‍ 25 മുതല്‍ 30 വരെ ഇലക്ട്രോണിക് രേഖകളുടെ പ്ലാനുകള്‍ മാപ്പുകള്‍ എന്നിവ ഉള്‍പ്പെടെ തെളിവ് നല്‍കുന്നതിന്റെ ഭാഗമായി. വകുപ്പുകള്‍ 33 മുതല്‍ 45 വരെ വിധി പ്രസ്താവനത്തിലും നടപ്പാക്കുന്നതിലും ഉണ്ടാകുന്ന അസ്വാഭാവികതയും അധികാരപരിധി വിട്ട സ്വീകരണവും വിദഗ്ധ അഭിപ്രായങ്ങള്‍ കേസുകളുടെ വിചാരണയില്‍ സെക്ഷന്‍ 39,40 പ്രകാരം സ്വീകരിക്കുന്നതും സെക്ഷന്‍ 41 പ്രകാരം കയ്യെഴുത്തും, ഒപ്പും മറ്റും തെളിവു സ്വീകരണത്തിന്റെ ഭാഗമായി. സെക്ഷന്‍ 46 മുതല്‍ 50 വരെ സിവിലും ക്രിമിനലും ആയ കേസുകളില്‍ സ്വഭാവം പരിഗണിക്കുന്നതിന് വ്യവസ്ഥ വച്ചു. അധ്യായം 3-ല്‍ സെക്ഷന്‍ 51 മുതല്‍ 53 വരെ വസ്തുതകള്‍ തെളിയിക്കപ്പെടേണ്ടതില്ലാത്ത സ്വീകരിക്കുന്ന തെളിവുകള്‍ ഉള്‍പ്പെടുത്തി. അതുപ്രകാരം അംഗീകരിക്കപ്പെട്ട തെളിവുകളും കോടതി തീരുമാനത്തിന്റെ ഭാഗമായതും ഉള്‍പ്പെടുന്നു. അധ്യായം 4-ല്‍ സെക്ഷന്‍ 54 ഉം 55 ഉം ആയ വാക്കാലുള്ള തെളിവുകള്‍ നേരിട്ട് നല്‍കുന്നത് ഉള്‍പ്പെടുത്തി. അധ്യായം 5-ല്‍ സെക്ഷന്‍ 56 മുതല്‍ 93 വരെ രേഖാമൂലമുള്ള തെളിവുകളുടെ സ്വീകരണവും അംഗീകരിക്കലും പൊതുരേഖകളുടെ പ്രായോഗികതയും തെളിവുകള്‍ ഉള്‍പ്പെടുത്തലും വിവക്ഷിച്ചു. പ്രധാനമായും സെക്ഷന്‍ 57ല്‍ പ്രാഥമിക തെളിവിന്റെ ഭാഗമായിത്തന്നെ ഇലക്ട്രോണിക് റെക്കോര്‍ഡ് ഉള്‍പ്പെടുത്തി. സെക്ഷന്‍ 58ല്‍ സെക്കന്‍ഡറി തെളിവുകള്‍ വാക്കാലും രേഖാമൂലവും ഉള്‍പ്പടെ കൊണ്ടുവന്നു. സെക്ഷന്‍ 61 പ്രകാരം ഇലക്ട്രോണിക് റെക്കോര്‍ഡുകളും ഡിജിറ്റല്‍ രേഖകളും മറ്റു ഡോക്യുമെന്റുകളുടെ രേഖാമൂലമുള്ള ഡിജിറ്റല്‍ റെക്കോര്‍ഡും എല്ലാം നിലവിലെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന് വരുംകാലത്ത് കൃത്യവും കുറ്റമറ്റതുമായ നീതി നിര്‍വഹണം ഇരകള്‍ക്കും കുറ്റവാളികള്‍ക്കും കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ വഴിവച്ചു.
സെക്ഷന്‍ 63ല്‍ കോടതികള്‍ക്ക് തെളിവായി അംഗീകരിക്കാന്‍ കഴിയാവുന്ന ഡിജിറ്റല്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വ്യാപ്തിയും പരിധിയും വര്‍ധിപ്പിച്ചു. സെക്ഷന്‍ 72, 74 പ്രകാരം പൊതു ഡോക്യുമെന്റും, ഒപ്പും, സീലും മറ്റും തെളിവിന്റെ ഭാഗമാകും. അധ്യായം 6-ല്‍ സെക്ഷന്‍ 94 മുതല്‍ 103 വരെ വാക്കാലും രേഖാമൂലവും ഒഴിവാക്കപ്പെടാവുന്ന രേഖകളും മറ്റും ഉള്‍പ്പെടുത്തി. അധ്യായം 7- ല്‍ സെക്ഷന്‍ 104 മുതല്‍ 120 വരെ മുന്‍ നിയമങ്ങളില്‍ നിന്ന് കാര്യമായ വ്യതിയാനങ്ങള്‍ ഇല്ലാതെ വിചാരണ വേളകളില്‍ കുറ്റം തെളിയിക്കുന്നതിനുള്ള ബാധ്യതയും വിടുതല്‍ കിട്ടുന്നതിനുള്ള സാധ്യതയും സംബന്ധിച്ച വസ്തുതകളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ വിവക്ഷ നിലനിര്‍ത്തി. അധ്യായം 8- ല്‍ സെക്ഷന്‍ 21 മുതല്‍ 23 വരെ എസ്ടോപ്പല് മുന്‍ നിയമത്തിലെ വ്യവസ്ഥകള്‍ തുടരുന്നു.
അധ്യായം 9-ല്‍ സെക്ഷന്‍ 124 മുതല്‍ 139 വരെ സാക്ഷി വിസ്താരത്തെ സംബന്ധിച്ചും പരിരക്ഷയെ സംബന്ധിച്ചും തെളിവ് നല്കാതിരിക്കാനുള്ള അവകാശത്തെ സംബന്ധിച്ചും സ്വകാര്യ സംഭാഷണങ്ങളിലും സംരക്ഷിത സംസാരങ്ങളിലും രഹസ്യ സ്വഭാവം സൂക്ഷിക്കാനുള്ള സാക്ഷികളുടെ അവകാശവും ബാധ്യതയും നിലനിര്‍ത്തി. ഇത് മുന്‍ നിയമത്തില്‍ നിന്ന് വ്യതിയാനപ്പെട്ടില്ല. അധ്യായം 10 ല്‍ സെക്ഷന്‍ 140 മുതല്‍ 168 വരെ സാക്ഷിവിസ്താരവും സാക്ഷികളുടെ സ്വഭാവവും രേഖകളുടെ സമര്‍പ്പണവും അവയുടെ സ്വീകരണവും തുടങ്ങി മുന്‍ നിയമത്തിലെ വ്യവസ്ഥകള്‍ സെക്ഷന്‍ 158ലും സെക്ഷന്‍ 160ലും ചെറിയ വ്യതിയാനത്തിലൂടെ, സെക്ഷന്‍ 166 ഒഴിവാക്കിക്കൊണ്ടും കൊണ്ടുവന്നു. അധ്യായം 11, 12 നിയമപരമായ നടത്തിപ്പുകളുടെ ഭാഗമാണ് ഭാരതീയ സാക്ഷ്യ അധിനിയം 2023. ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ നിന്ന് 22 വകുപ്പുകള്‍ മാറ്റം വരുത്തിയും അഞ്ചു വകുപ്പുകള്‍ ഒഴിവാക്കിയും രണ്ടു വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തും നിലവിലെ സാമൂഹിക സാങ്കേതിക വികാസത്തിന്റെ അന്തസത്തയും കെല്‍പ്പും പ്രായോഗികതയും പ്രചാരവും ഉള്‍ക്കൊണ്ടും കൂടുതല്‍ സാങ്കേതിക തെളിവുകള്‍ക്ക് അംഗീകാരവും നല്കി പരിഷ്കരിച്ച് ശക്തിപ്പെടുത്തി അവതരിപ്പിച്ചത് തെളിവ് സ്വീകരണവും വിചാരണയും കൂടുതല്‍ ശക്തപ്പെടുത്തുന്നതിന് ഗുണകരമാകും എന്നതില്‍ സംശയമില്ല.
(അവസാനിച്ചു)
(കേരള ഹൈക്കോടതി സെന്‍ട്രല്‍ ഗവ. സീനിയര്‍ പാനല്‍ കൗണ്‍സലും ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനറുമാണ് ലേഖകന്‍. ഫോണ്‍: 9447408066)
പ്രതികരിക്കാൻ ഇവിടെ എഴുതുക: