ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് സിപിഎമ്മില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന തിരുത്തല്‍ മാമാങ്കത്തിന്റെ തനിനിറമാണ് കഴിഞ്ഞദിവസം തിരുവല്ലയില്‍ കണ്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു ഗുണ്ടാ നേതാവിനെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎമ്മിലേക്ക് സ്വീകരിച്ചതും, ഇതിനെതിരായ വിമര്‍ശനങ്ങളെ പരിഹസിച്ച് തള്ളുന്നതും ഈ പാര്‍ട്ടിയുടെ വിശ്വാസ്യത വെറും തട്ടിപ്പാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ്. ഗുണ്ടാ നേതാവിന് പാര്‍ട്ടിയിലേക്ക് ചുവപ്പുപരവതാനി വിരിച്ചത് വിവാദമായതോടെ ഇയാള്‍ കാപ്പ കേസില്‍ പ്രതിയല്ലെന്നും, പൊതുപ്രവര്‍ത്തനത്തിനിടെ കേസുകള്‍ സര്‍വ്വസാധാരണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചത് ജനങ്ങള്‍ അമ്പരപ്പോടെയാണ് കേട്ടത്. മറ്റൊരു ഗുണ്ടാ നേതാവിനല്ലാതെ ഇപ്രകാരം ഭീഷണമായി പ്രതികരിക്കാന്‍ കഴിയില്ലല്ലോ. ഇരുപത് വയസ്സിനിടെ പന്ത്രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു സാമൂഹ്യവിരുദ്ധനെയാണ് യാതൊരു വീണ്ടുവിചാരവുമില്ലാതെ പാര്‍ട്ടി അംഗത്വം നല്കി സിപിഎം ഏറ്റെടുത്തിരിക്കുന്നത്. പാര്ട്ടിയിലെത്തിയിരിക്കുന്ന ഇയാള്‍ കാപ്പ കേസില്‍ പ്രതിയാണെന്നും കേസ് നിലവിലുണ്ടെന്നും ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കാപ്പ നിയമ ലംഘനത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടുകയും അറസ്റ്റിലാവുകയുമായിരുന്നു. കഴിഞ്ഞമാസം ജാമ്യം ലഭിച്ച് ജയില്‍മോചിതനായി. തുടര്‍ന്നാണ് സിപിഎം നേതൃത്വം പാര്‍ട്ടിയിലെടുത്തിരിക്കുന്നത്. ഗുണ്ടാനേതാവിനെ ഒപ്പംകൂട്ടിയതിനെ ന്യായീകരിച്ച് മന്ത്രി വീണാ ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമവാഴ്ചയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്.
ഗുണ്ടാ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനമായി കാണുന്ന സിപിഎമ്മിന്റെ സമീപനം അപലപനീയമാണ്. ഇങ്ങനെയൊരു പാര്‍ട്ടി നിയമവാഴ്ചയില്‍ വിശ്വസിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ക്രമസമാധാനം ശക്തിപ്പെടുകയല്ല, ഗുണ്ടാപ്പടകള്‍ ശാക്തീകരിക്കപ്പെടുകയാണുണ്ടാവുക. തിരുവല്ലയില്‍ ഗുണ്ടാ നേതാവിനും കൂട്ടാളികള്‍ക്കും സിപിഎമ്മില്‍ അംഗത്വം നല്കിയിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പാണ് പാര്‍ട്ടി ഇയാള്‍ക്ക് നല്കിയിരിക്കുന്നതത്രെ. ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ എന്തൊക്കെ അക്രമങ്ങളാവും നാട്ടില്‍ അരങ്ങേറുകയെന്ന് പ്രവചിക്കാനാവില്ല. മുന്‍കാലത്ത് തെറ്റായ രീതികളും രാഷ്ട്രീയവും പിന്തുടര്‍ന്നിരുന്നവര്‍ അതുപേക്ഷിച്ചാണ് സിപിഎമ്മിലേക്ക് വരുന്നതെന്ന ന്യായീകരണം ആപല്‍ക്കരമാണ്. പാര്‍ട്ടിയില്‍ ഇവര്‍ പിന്തുടരുക ആദര്‍ശ രാഷ്ട്രീയമല്ല, അക്രമരാഷ്ട്രീയമായിരിക്കും. ഇക്കാര്യത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുമാവും. ഗുണ്ടകള്‍ പാര്‍ട്ടി അംഗങ്ങളാവുന്നതോടെ വിശുദ്ധന്മാരായി മാറുന്നതിന്റെ മനഃശാസ്ത്രം വിചിത്രം തന്നെ. അക്രമപ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമായി കാണുന്ന സിപിഎമ്മിന്റെ നയമാണ് കേരളത്തിന്റെ സമാധാനം കെടുത്തുന്നത്. ജനങ്ങളെ മര്‍ദ്ദിക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാള്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയിരിക്കുന്ന നാട്ടില്‍ ഒരിക്കലും സമാധാനം പുലരില്ല. കണ്ണൂരില്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായമാകുന്നതും, ബോംബ് പൊട്ടി മരിക്കുന്നവര്‍ രക്തസാക്ഷികളാകുന്നതും ഇതുകൊണ്ടാണ്.
വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമായി പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചത് ജനങ്ങളുടെ അംഗീകാരമായി തെറ്റിദ്ധരിച്ച സിപിഎം, അക്രമ പരമ്പരകള്‍ അഴിച്ചുവിടുകയായിരുന്നു. തെരുവില്‍ മാത്രമല്ല വീടുകളിലും വിദ്യാലയങ്ങൡലും ആശുപത്രികളിലുമൊക്കെ സിപിഎമ്മുകാര്‍ അക്രമങ്ങള്‍ നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ്സ് ശ്രദ്ധിക്കപ്പെട്ടത് ആ യാത്രയിലുടനീളം സിപിഎമ്മുകാര്‍ കെട്ടഴിച്ചുവിട്ട അക്രമങ്ങളുടെ പേരിലാണ്. അണികളും നേതാക്കളുമെന്ന വേര്‍തിരിവില്ലാതെ വലിയൊരു അക്രമിസംഘമായി സിപിഎം മാറുകയായിരുന്നു. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്ന പേരില്‍ സംഘടിപ്പിച്ച നവകേരള സദസ്സ് ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുകയായിരുന്നു. നവകേരള സദസ്സിന് സമാന്തരമായിത്തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അക്രമാസക്ത സമരം സംഘടിപ്പിക്കുകയും ചെയ്തു. പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ സിദ്ധാര്‍ത്ഥനെ കൊല ചെയ്തതും, കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിനെതിരായ എസ്എഫ്ഐയുടെ കൊലവിളിയും ഇതിന്റെ തുടര്‍ച്ചയാണ്. ഇതിനെതിരെ കേസെടുക്കാതിരുന്ന പോലീസ് പ്രിന്‍സിപ്പലിനെതിരെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. എസ്എഫ്ഐ പ്രാകൃത സംഘമാണെന്ന് ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറിക്കുപോലും പറയേണ്ടിവന്നു. ഇടതുഭരണത്തില്‍ നിയമവാഴ്ച അക്ഷരാര്‍ത്ഥത്തില്‍ തകിടംമറിഞ്ഞിരിക്കുകയാണ്. നിയമസഭയില്‍ ഇതിനെയൊക്കെ നിര്‍ലജ്ജം മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്യുന്നു. ഇതില്‍നിന്ന് ഒരു മോചനമുണ്ടായില്ലെങ്കില്‍ കേരളം ഒരു ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി മാറുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: