ന്യൂദല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ലണ്ടനിലേക്ക്. ബ്രിട്ടന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ച് സംഘടിപ്പിക്കുന്ന സെമിനാറില്‍ നിര്‍മിത ബുദ്ധിയുടെ കാലത്തെ പൊതുഭരണം എന്ന വിഷയത്തില്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും.
നിര്‍മിത ബുദ്ധിയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ജനജീവിതം മെച്ചപ്പെടുത്തുന്നതിനും പൊതുഭരണം മികച്ചതാക്കുന്നതിനുമുള്ള ചട്ടക്കൂടിന് രൂപം കൊടുക്കുകയാണ് നാളെ നടക്കുന്ന സെമിനാര്‍ ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും നയരൂപീകരണ വിദഗ്ധരുമടക്കം നിരവധി പ്രതിനിധികള്‍ സമ്മേളനത്തിനെത്തും.
ഭാരതത്തിലെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍(ഡിപിഐ), ഇന്ത്യ എഐ എന്നിവ വികസിപ്പിച്ച് യാഥാര്‍ത്ഥ്യമാക്കിയതില്‍ ഭാരതത്തിന്റെ അനുഭവവും മുന്നേറ്റങ്ങളും സെമിനാറില്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കുവെക്കും. ഡിജിറ്റലൈസേഷന് സംബന്ധിച്ച ഭാരതത്തിന്റെ അനുഭവ സമ്പത്ത് ഇതര രാജ്യങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടുമെന്നും പൊതുഭരണവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഇടങ്ങളില്‍ ഭാരതത്തിന്റെ വിജയം അവര്‍ക്ക് എങ്ങനെ പകര്‍ത്താമെന്നും അദ്ദേഹം പ്രഭാഷണത്തില്‍ സൂചിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: