ബെംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിക്കെതിരെ (മുഡ) ഗുരുതര ആരോപണം ഉന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തുവെന്നും കൈയേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും കുടുംബത്തിനും 62 കോടി രൂപ നല്‍കണമെന്നുമാണ് സിദ്ധരാമയ്യയുടെ ആവശ്യം.
ഭാര്യക്ക് മുഡ ഭൂമി അനുവദിച്ചതില്‍ കടുത്ത അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പരിഹാരമാണ് ഈ ആവശ്യം കൊണ്ട് താന്‍ ഉദ്ദേശിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമി സര്‍ക്കാര്‍ കൈയേറി എന്ന ആരോപണവും സിദ്ധരാമയ്യ ഉന്നയിച്ചു.
കുടുംബത്തിന് അവകാശപ്പെട്ട ഭൂമി തന്നെയോ മറ്റുള്ളവരെയോ അറിയിക്കാതെ മുഡ കൈയേറുകയും, ഇത് ചെറിയ സൈറ്റുകളാക്കി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്തു. 3.16 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ അനധികൃതമായി മറിച്ചുവിറ്റെന്നും സിദ്ധരാമയ്യ ആരോപിച്ചു.
നിലവില്‍, ഈ ഭൂമിയുടെ വിപണി വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ 62 കോടി രൂപ മുഡ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയിലെ അഴിമതിയില്‍ പ്രതിപക്ഷമായ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. സിദ്ധരാമയ്യ വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുഡയുടെ കീഴില്‍ ബദല്‍ സൈറ്റ് ലഭിച്ചതായി പ്രതിപക്ഷ നേതാവ് ആര്. അശോക ആരോപിച്ചതോടെയാണ് വിവാദം കൊഴുത്തത്. പാര്‍വതിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഭൂമിയില്‍ ദേവനൂര്‍ ലേഔട്ട് മുഡ വികസിപ്പിച്ചതിന് ശേഷം ഭൂമി വില വളരെ കൂടുതലുള്ള സമീപപ്രദേശങ്ങളിലൊന്നായ വിജയനഗറില്‍ അവര്‍ക്ക് ബദല്‍ സ്ഥലം ലഭിച്ചിരുന്നു.
വിവരാവകാശ പ്രവര്ത്തകന് ഗംഗരാജു സംഘടിപ്പിച്ച രേഖകള്‍ ഈ വസ്തുത വ്യക്തമാക്കുന്നതാണ്. സംഭവത്തില്‍ 4,000 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആര്. അശോക ആരോപിച്ചിരുന്നു. ഇത്രയും വലിയ അഴിമതി സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടാതെയോ, പങ്കാളിത്തമില്ലാതെയോ സിദ്ധരാമയ്യയുടെ ജന്മദേശത്ത് നടക്കുമോയെന്ന അശോകയുടെ ചോദ്യമാണ് സിദ്ധരാമയ്യയുടെ പുതിയ അവകാശവാദത്തിന് വഴിയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: