ന്യൂദല്‍ഹി: ജൂലായ് 23ന് മൂന്നാം മോദി സര്‍ക്കാരിന്റെ പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പേരില്‍ പുതിയ ഒരു റെക്കോഡ് പിറക്കും. ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി. നിര്‍മ്മല സീതാരാമന് അവതരിപ്പിക്കാന്‍ പോകുന്നത് തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണ്. നേരത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ പേരിലായിരുന്നു ഈ റെക്കോഡ്. അദ്ദേഹം ആറ് തവണയാണ് തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിച്ചത്.
ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 2024 ഫെബ്രുവരിയില്‍ നിര്‍മ്മല സീതാരാമന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇത് അവരുടെ തുടര്‍ച്ചയായ ആറാമത്തെ ബജറ്റായിരുന്നു. അതോടെ നിര്‍മ്മല സീതാരാമന് മൊറാര്‍ജി ദേശായിക്ക് ഒപ്പമെത്തി.
1959 മുതല്‍ 1964 വരെയാണ് മൊറാര്‍ജി ദേശായി കേന്ദ്ര ധനമന്ത്രി എന്ന നിലയില്‍ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു 1959 മുതല്‍ 1964ല്‍ നെഹ്രു മരിയ്ക്കുന്നതുവരെ അദ്ദേഹം ധനമന്ത്രിയായി തുടര്‍ന്നു. അദ്ദേഹം. 1959-60, 1960-61, 1961-62, 1962-62(ഇടക്കാല ബജറ്റഅ) 1962-63(ഫുള്‍ ബജറ്റ്), 1963-64 എന്നീ വര്‍ഷങ്ങളിലായി തുടര്‍ച്ചയായി ആറ് ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.
പക്ഷെ ഇപ്പോഴും ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് മൊറാര്‍ജി ദേശായിയുടെ പേരില്‍ തന്നെയാണ്. രണ്ട് ഇടക്കാല ബജറ്റ് ഉള്‍പ്പെടെ അദ്ദേഹം 10 ബജറ്റുകള്‍ അവതരിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരിലും കുറച്ചുകാലം അദ്ദേഹം ധനമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാപാര്‍ട്ടി രാജ്യം ഭരിയ്ക്കുമ്പോള്‍ പ്രധാനമന്ത്രിയായ അദ്ദേഹം ആ രണ്ട് വര്‍ഷങ്ങള്‍ ധനമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച വേറെയും രണ്ട് പേര് നിര്‍മ്മല സീതാരാമന്റെ മുന്പില് നിലകൊള്ളുന്നു. എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച പ്രണബ് കുമാര്‍ മുഖര്‍ജിയും ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിച്ച് പി. ചിദംബരവും.
നിര്‍മ്മല സീതാരാമന് രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് ധനമന്ത്രിയായിരുന്നത്. 2019 മുതല്‍ 2023 വരെ. ഇപ്പോള്‍ മൂന്നാം മോദി സര്‍ക്കാരില്‍ 2024ല്‍ വീണ്ടും ധനമന്ത്രിയായി തുടരുന്നു. ഈ ആറ് വര്‍ഷക്കാലത്തിനിടെയാണ് നിര്‍മ്മല സീതാരാമന് ഒരു ഇടക്കാല ബജറ്റ് ഉള്‍പ്പെടെ ഏഴ് ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. ജൂലായ് 23ന് ഈ റെക്കോഡ് നിര്‍മ്മലയുടെ പേരില്‍ കുറിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: