കോട്ടയം: തെറ്റായി ടാബുലേഷന്‍ നടത്തിയ അധ്യാപകരെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ മാര്‍ക്ക് വെട്ടിക്കുറച്ച കാട്ടുനീതിക്കെതിരെ പ്രതിഷേധം ഉയരുന്നു. പുറത്തുവന്ന വാര്‍ത്ത ശരിയെങ്കില്‍ ഇത്തരം കള്ളക്കൂട്ടങ്ങളെ വച്ചുപൊറുപ്പിക്കരുതെന്ന ആവശ്യമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തുന്നത്.
ടാബുലേഷനിലെ പിഴവു മൂലം പ്ളസ് ടു ഫിസിക്സ് പരീക്ഷയില്‍ ഏഴ് മാര്‍ക്ക് നഷ്ടപ്പെട്ടത് കണ്ടെത്തി പരാതിപ്പെട്ട വിദ്യാര്‍ത്ഥിയുടെ പ്രാക്ടിക്കല്‍ മാര്‍ക്ക് വെട്ടിക്കുറച്ചതായാണ് ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവണ്മെന്റ് എച്ച്് എസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന അംജിത്ത് അനുവിന് ഫിസിക്സ് ഫലം വന്നപ്പോള്‍ മാര്‍ക്ക് കുറഞ്ഞതായി സംശയം തോന്നി . ഡബിള്‍ വാലുവേഷനാണ് നടത്തുന്നതെന്നതിനാല്‍ റീവാല്യുവേഷന് അനുവദിക്കില്ലെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ നിലപാട്. പകരം ഫീസ് അടച്ച് ഉത്തര കടലാസിന്റെ പകര്‍പ്പ് വാങ്ങി പരിശോധിക്കാം. ഇത്തരത്തില്‍ പകര്‍പ്പ് എടുത്ത് പരിശോധിച്ചപ്പോഴാണ് ടാബുലേഷന്‍ ഷീറ്റില്‍ പകര്‍ത്തിയെഴുതിയപ്പോള്‍ ഏഴു മാര്‍ക്കിന്റെ കുറവ് സംഭവിച്ചതായി വ്യക്തമായത്. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ട ഏഴു മാര്‍ക്ക് തിരിച്ചുകിട്ടിയെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയില്‍ നിന്ന് ഏഴു മാര്‍ക്ക് വെട്ടിക്കുറച്ചാണ് മാര്‍ക്ക് ലിസ്റ്റ് നല്‍കിയത്. ടാബുലേഷന്‍ നടത്തിയ അധ്യാപകനെ ശിക്ഷാ നടപടിയില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ഈ കുതന്ത്രo.
മൂവാറ്റുപുഴ കല്ലൂര്‍ സെന്റ് അഗസ്റ്റിന് എച്ച്എസ്എസ് വിദ്യാര്‍ത്ഥിയോടും സമാനമായ അനീതി കാട്ടിയെന്ന വിവരം കൂടി പിന്നാലെ പുറത്തുവന്നു. ഡബിള്‍ വാല്യൂവേഷന്റെ പേരില്‍ പുനര്‍ മൂല്യനിര്‍ണയം നിഷേധിക്കുകയും വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയും ചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: