Literature

പുതുമഴ കണ്ടപ്പോള്‍

Published by

ലീലാമ്മ ചെറിയാന്‍

പുള്ളിപ്പശുവിന്റെ കുഞ്ഞിക്കിടാവൊത്തു
ബാല്യത്തിലെത്ര മഴ നനഞ്ഞു
ഇന്നലെപ്പെയ്‌തൊരാ കന്നിമഴയെന്റെ
ബാല്യത്തെ പിന്നെയും കാട്ടിത്തന്നു.

കൂട്ടുകാരൊത്തന്നാ മഴവെള്ളച്ചാലിലായ്
കടലാസു തോണികള്‍ ഞാനിറക്കി
ഓര്‍മ്മയിലിന്നുമാ തോണി തുഴഞ്ഞു ഞാന്‍
ചക്രവാളത്തോളമെത്തിടുന്നു

വേനലും മഞ്ഞും മഴയും പലകുറി
എന്നെ പുണര്‍ന്നു കടന്നുപോയി
പലവട്ടം ഗതിമാറി ഒഴുകി വളര്‍ന്നു ഞാന്‍
ബാല്യമോ തേനൂറും ഓര്‍മ്മയായി.

വേനലില്‍ നീറുന്ന മണ്ണിന്റെ മാറിലായ്
സാന്ത്വനമായ് വര്‍ഷം പെയ്തിറങ്ങേ.
വേകും മനസ്സുകള്‍ക്കാശ്വാസമായ് പെയ്യാന്‍
ഒരു മാത്ര ഞാനും കൊതിച്ചുപോയി.

മഴമാറിത്തെളിയുന്ന മാനത്തു പൂത്തൊരാ
മഴവില്‍ക്കൊടി കണ്ടു കണ്ടിരിക്കേ
മിഴിനീര്‍ മഴമാറി കവിളില്‍ വിരിയുന്ന
മഴവില്‍ക്കരുന്നിനായ് കാത്തുഞാനും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by