Kerala

ഐഐഎസ്ടി ലോകത്തിലെ മികച്ച സര്‍വകലാശാലയെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍

ഇന്ത്യ വസുധൈവ കുടുംബകമെന്ന ആശയത്തിലാണ് വിശ്വസിക്കുന്നത്

Published by

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരുടെ കീഴില്‍ പഠിക്കാന്‍ കഴിഞ്ഞ ഐഐഎസ്ടിയിലെ വിദ്യാര്‍ത്ഥികള്‍ ഭാഗ്യം ചെയ്തവരാണെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.ഓരോ സ്ഥാപനത്തിലും പഠിച്ചിറങ്ങിയവര്‍ തെളിച്ച വഴി പ്രധാനമാണെന്ന് പറഞ്ഞ ഉപരാഷ്‌ട്രപതി പിന്നാലെ വരുന്നവര്‍ക്ക് അവരാണ് സംഭാവനകള്‍ നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടി.

ഐഐഎസ്ടി സമാനതകളില്ലാത്ത സ്ഥാപനമാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍.

ഗവര്‍ണറായിരുന്നപ്പോള്‍ ചാന്‍സലര്‍ എന്ന നിലയില്‍ നിരവധി സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആ അനുഭവത്തില്‍ നിന്നുമാണ് ഐഐഎസ്ടി ലോകത്തിലെ തന്നെ മികച്ച സര്‍വകലാശാലയാണ് എന്ന് പറയുന്നത്. ലോകം സാമ്പത്തിക തകര്‍ച്ച ഉള്‍പ്പടെ നിരവധി വെല്ലുവിളികളെ നേരിട്ടപ്പോഴും ഇന്ത്യ തലയുര്‍ത്തി നിന്നു. രാജ്യത്തിന്റെ വാതായനങ്ങള്‍ ഇന്ന് വികസനത്തിനായി തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യ എന്ത് ചെയ്യുന്നുവെന്ന് ലോകം ഉറ്റുനോക്കുന്നു. ബഹിരാകാശ ശാസ്ത്ര രംഗത്തുണ്ടായത് വലിയ കുതിച്ചുചാട്ടമാണന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

ഇന്ത്യ വസുധൈവ കുടുംബകമെന്ന ആശയത്തിലാണ് വിശ്വസിക്കുന്നത്. 2023 ല്‍ ചന്ദ്രയാന്‍ ഉള്‍പ്പെടെ ഏഴ് വിക്ഷേപണങ്ങളും വിജയകരമായിരുന്നു.രാജ്യത്തിന്റെ നേട്ടങ്ങളെ രാഷ്‌ട്രീയ കണ്ണോടെ കാണരുത്. രാഷ്‌ട്രീയ താല്‍പര്യത്തോടെ വിമര്‍ശിക്കരുതന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. അത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

2047ല്‍ ഇന്ത്യ ലോക രാഷ്‌ട്രങ്ങളില്‍ ഒന്നാമതാകും. രാജ്യത്തെ ഗവേഷക സമൂഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ഉപരാഷ്‌ട്രപതി പ്രശംസിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by