തൃശൂര്‍: വിമാനത്താവളത്തിലേതിന് സമാനമായി തൃശൂരില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ റെയില്‍വേ സ്റ്റേഷന്‍ പദ്ധതി കൂടുതല്‍ സജീവമാകുന്നു. തൃശൂരിന്റെ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി എത്തിയതോടെ അദ്ദേഹവും ഈ വിമാനത്താവളസമാനമായ റെയില്‍വേസ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സജീവമായ ഇടപെടല്‍ നടത്തും. .
സ്റ്റേഷന്റെ പുനർവികസനത്തിനായി 393.57 കോടി രൂപ റെയിൽവേ ചെലവഴിക്കും എന്ന് സൂചന. കേന്ദ്ര ഗവൺമെൻ്റിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ആണ് സ്റ്റേഷൻ നവീകരണം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോകോത്തര റെയിൽവേ സ്റ്റേഷൻ തൃശൂരിൽ വരുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വ്യക്തമാക്കി. അവരുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് അറിയിപ്പ് . സതേൺ റെയിൽവേയുടെ ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നാണിത്.
36 മീറ്റർ വീതിയുള്ള എയർ കോൺകോഴ്‌സും ഹോട്ടലും ഉൾപ്പെടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു. വിമാനത്താവള മാതൃകയിലാണ് പുതിയ റെയിൽവേ സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. എയർപോർട്ടുകളിലെ ടെർമിനലുകൾക്ക് സമാനമായ ടെർമിനലുകളും ഒരുക്കും. 19 പുതിയ ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും പദ്ധതിയിൽ ഉണ്ടാകും. യാത്രക്കാരുടെ സൗകര്യാർത്ഥമാണിത്. കൂടുതൽ എലവേറ്ററുകൾ സജ്ജമാകുന്നതോടെ പ്ലാറ്റ്‍ഫോമിലേക്ക് വേഗത്തിൽ എത്താനുമാകും.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ സാംസ്കാരിക തനിമയും ഈ റെയിൽവേ സ്റ്റേഷനില്‍ നിലനിര്‍ത്തും. അമൃത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ തന്നെ തൃശൂർ സ്റ്റേഷൻ വികസിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത് . 54,330 ചതുരശ്ര മീറ്ററിലാണ് പുതിയ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: