പത്തനംതിട്ട: റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ കാപ്പ കേസ് പ്രതി സിപിഎമ്മിൽ ചേർന്നത് വിവാദമാകുന്നു. മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തില്‍ ആണ് മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രൻ സി.പി.എമ്മില്‍ ചേർന്നത് . പാർട്ടി അംഗത്വം എടുക്കുകയും ചെയ്തു. പുതുതായി വന്നവർക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വീണാ ജോർജ് ഉള്‍പ്പെടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലുണ്ട്.
കഴിഞ്ഞ വർഷം കാപ്പാ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രനെ നാടുകടത്താതെ വകുപ്പിലെ 15(3) പ്രകാരം താക്കീത് നല്കി വിട്ടു. എന്നാല്‍, പിന്നീട് പത്തനംതിട്ട സ്റ്റേഷനിലെ കേസില്‍ ഇയാള്‍ പ്രതിയായതോടെ കാപ്പാ ലംഘിച്ചതിന് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. ഇതില്‍ ജാമ്യം കിട്ടിയെങ്കിലും പത്തനംതിട്ടയിലെ കേസില്‍ റിമാൻഡിലായി.
ജൂണ്‍ 23-നാണ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. കുമ്പഴയില്‍ നടന്ന സമ്മേളനത്തിലാണ് സി.പി.എം. അംഗത്വം കൊടുത്തത്. മന്ത്രി വീണാ ജോർജിനെക്കൂടാതെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂർ ശങ്കരൻ, കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍, പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി.സഞ്ജു അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: