തൃശ്ശൂര്‍: പ്രകടനപത്രികയില്‍ പറഞ്ഞതിനപ്പുറം ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വികസന പദ്ധതികള്‍ക്ക് രൂപം നല്കുമെന്ന് കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് തൃശ്ശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന കാര്യത്തില്‍ തന്റെ മുന്‍ഗണനയല്ല, ജനങ്ങളുടെ മുന്‍ഗണനയാണ് പ്രധാനം. ഒട്ടേറെ വികസന പദ്ധതികള്‍ മനസിലുണ്ട്. ഉദ്യോഗസ്ഥരുമായും മറ്റ് മന്ത്രിമാരുമായും ഇത് ചര്‍ച്ച ചെയ്ത് വരികയാണ്. തൃശ്ശൂര്‍-ഗുരുവായൂര്‍-തിരൂര്‍ റെയില്‍വേ ലൈനിന്റെ കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചിട്ടുണ്ട്. നാഗപട്ടണം മുതല്‍ തൃശ്ശൂര്‍ വരെ നീളുന്ന തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് വികസനം പരിഗണനയിലുണ്ട്. കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണമെന്നാണ് അഭിപ്രായം. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയിലാണ്. തൃശ്ശൂരിന്റെ എംപിയാണെങ്കിലും വികസന കാര്യത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും പ്രതിനിധി എന്ന നിലയിലാണ് താന്‍ സംസാരിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ എയിംസ് യാഥാര്‍ത്ഥ്യമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുല്ലപ്പെരിയാര്‍ വലിയ സുരക്ഷാ ഭീഷണിയാണ്. ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കണം. ജലസംഭരണത്തിനും വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനും സുരക്ഷയ്‌ക്കും ഇതാവശ്യമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ സഹായത്തിനായി ഐഎസ്ആര്‍ഒ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്. ഡാമില്‍ നിന്നുള്ള മണ്ണ് നീക്കുന്നത് കളിമണ്‍ പാത്ര നിര്‍മാണത്തിനും ഓട് നിര്‍മാണത്തിനും ഉപയോഗിക്കണം. പതിനായിരങ്ങള്‍ക്ക് തൊഴിലും വരുമാനവുമാകും. കേരളതീരത്തെ സമുദ്രത്തില്‍ പെട്രോളിയം പര്യവേഷണത്തിനും ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ളവരുടെ ശാസ്ത്രീയ സഹായം തേടിയിട്ടുണ്ട്.
ദേശീയപാത 44ല്‍ മണ്ണുത്തിയില്‍ നിന്ന് ദേശീയപാത 66 ചാവക്കാട് ഭാഗത്തേക്ക് ബൈപാസ് പരിഗണനയിലുള്ള വിഷയമാണ്. തൃശ്ശൂര്‍ നഗരത്തിലെ ഗതാഗതക്കുരക്ക് പരിഹരിക്കാന്‍ ഇത് സഹായകമാകും. ഇക്കാര്യത്തില്‍ തൃശ്ശൂര്‍ നിവാസികളുടെയും കച്ചവടക്കാരുടെയും താത്പര്യം കൂടി കണക്കിലെടുക്കും.
തൃശ്ശൂര്‍ ജില്ലയുടെ തീരമേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഒരു വലിയ തൊഴില്‍ സംരംഭം ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. തീരപ്രദേശത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ തൊഴിലും വരുമാന വര്‍ധനവും ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വികസന പദ്ധതികള്‍ വരുമ്പോള്‍ തുരങ്കം വയ്‌ക്കാന്‍ പലരും ഉണ്ടാകും. വികസന പദ്ധതികള്‍ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നതാകരുതെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിലെ കണ്ടല്‍ പാര്‍ക്കില്‍ കോണ്‍ക്രീറ്റ് നിര്‍മിതികളാണ് ഇന്ന് ഏറെയും. ഈ സമീപനം ശരിയല്ല.
ഉദ്ഘാടനങ്ങള്‍ക്ക് പണം വാങ്ങുന്നതില്‍ വിവാദത്തിന് കാര്യമില്ല. പൊതുപരിപാടികളുടെ കാര്യമല്ല പറഞ്ഞത്. സ്വകാര്യ-വാണിജ്യ പരിപാടികളുടെ കാര്യമാണ്. അതില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും താന്‍ എടുക്കില്ലെന്നും ആ പണം പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യം ചില മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോള്‍ മാത്യു, വൈസ് പ്രസിഡണ്ട് അരുണ്‍ എഴുത്തഛന്‍ എന്നിവരും സംസാരിച്ചു.
സുരേഷ് ഗോപിയില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയെന്ന് മേയര്‍
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയെന്ന് മേയര്‍ എം.കെ.വര്‍ഗീസ്. സംസ്ഥാനത്തിനാകെ ഗുണമുണ്ടാകുന്ന വലിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് താന്‍ കരുതുന്നത്.
മുമ്പത്തെ എംപിമാര്‍ പഞ്ചായത്തും കോര്‍പ്പറേഷനും ചെയ്യേണ്ട കാര്യങ്ങളാണ് ചെയ്തിരുന്നത്. വലിയ സംരംഭങ്ങളാണ് സുരേഷ് ഗോപിയുടെ മനസിലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മേയറോട് എന്നും ആദരവും സ്‌നേഹവുമെന്ന് സുരേഷ് ഗോപി.
ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ നടപ്പാക്കാന്‍ മേയര്‍ക്കായെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ആയുഷ് വകുപ്പിന്റെ കീഴില്‍ അയ്യന്തോളില്‍ ആരംഭിച്ച ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചടങ്ങില്‍ മേയര്‍ അധ്യക്ഷനായിരുന്നു. ഡപ്യൂട്ടി മേയര്‍ എം.എല്‍ റോസി, ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍.പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: