തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രീമിയം ലെവല്‍ യാത്രയക്കായി 40 വണ്ടികള്‍ വാങ്ങുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് നിയമസഭയെ അറിയിച്ചു. വൈഫൈയും എസിയുമായാണ് വാഹനങ്ങള്‍ പുറത്തിറക്കുന്നത്. 10 വണ്ടികള്‍ ഓണത്തിനുമുന്‍പ് നിരത്തിലിറങ്ങും. കൂടുതല്‍ മൈലേജുള്ള ചെറിയ ബസുകള്‍ ഗ്രാമപ്രദേശത്ത് സര്‍വീസ് നടത്തും. ഇതിനായി 300 ചെറിയ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
നിലവിലുള്ള ടിക്കറ്റ് മെഷീനുകള്‍ക്ക് പകരം നൂതന സാങ്കേതികവിദ്യയുമായി ഡിജിറ്റല്‍ ടിക്കറ്റിങ് സൊല്യൂഷന് ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി കാഷ്ലെസ് ഓപ്പറേഷന് പുതിയ സംവിധാനം കൊണ്ടുവരാനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. ഇതുവഴി ബസുകളുടെ തത്സമയ ട്രാക്കിങ്, ലൈവ് പാസഞ്ചര്‍ ഇന്‍ഡിക്കേറ്റര്‍, മൊബൈല്‍ ടിക്കറ്റുകളും പാസുകളും, യുപിഐ പേയ്മെന്റ്, കാര്‍ഡ് പേയ്മെന്റ്, നെറ്റ് ബാങ്കിങ് പേയ്മെന്റ്, വാലറ്റ് പേയ്മെന്റ്, ചലോ പേ തുടങ്ങിയ ഡിജിറ്റല്‍ പേയ്മെന്റ് മോഡുകള്‍, എംസിഎംസി കാര്‍ഡുകള്‍, ക്ലോസ്ഡ് ലൂപ്പ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ മൊബൈല്‍ ടിക്കറ്റിങ് സൊല്യൂഷനില്‍ ലഭ്യമാണ്.
ഇതിലൂടെ പണമിടപാടുകള്‍ സുഗമമാക്കുന്നതിനും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാകും. ഇതിന്റെ ഭാഗമായി ബസുകളുടെ തത്സമയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ആപ്ലിക്കേഷന്‍ നടപ്പിലാക്കും. ഇതോടു കൂടി മുന്‍കൂര്‍ യാത്ര ആസൂത്രണം ചെയ്യാന്‍ എളുപ്പമാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: