റാന്നി: ശബരിമല വനമേഖലയിലെ അട്ടത്തോട് സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളില്‍ ഇനിമുതല്‍ കുട്ടികള്‍ക്ക് അലക്കി തേച്ച് മടക്കിയ യൂണിഫോം നല്‍കും. വനത്തില്‍ കഴിയുന്ന വനവാസി കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് തയ്ച്ചുനല്‍കുന്ന യൂണിഫോം സൂക്ഷിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ കീറിനശിക്കുക പതിവാണ്.
ഈ മേഖലയില്‍ വിദ്യാഭ്യാസ സഹായവുമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വര്‍ത്തിക്കുന്ന ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റി ചെയര്മാന് ഫാ. ബെന്‍സി മാത്യു കിഴക്കേതിലിനെ സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജു തോമസ് അമ്പൂരി ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് ഡാളസ് മോര് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെ സഹായത്താല്‍ സ്കൂളിന് വാഷിങ് മെഷീനും വൈദ്യുതി ഇസ്തിരി പെട്ടിയും വാങ്ങി നല്‍കിയത്.
കളര്‍ വസ്ത്രങ്ങള്‍ ധരിച്ച് സ്കൂളിലെത്തുന്ന കുട്ടികള്‍ ക്ക് അദ്ധ്യാപകര്‍ തന്നെ യൂണിഫോം നനച്ച് ഉണങ്ങി ഇസ്തിരിയിട്ടത് നല്‍കും. മൂന്ന് നേരം ആഹാരം നല്‍കുന്നതും രാജ്യത്ത് ആദ്യമായി ജെന്‍ഡര്‍ ന്യൂട്ട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തിയതുമായ ആദ്യ ട്രൈബല്‍ വിദ്യാലയമാണിത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ചെയര്മാന് ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജു തോമസ് അമ്പൂരിക്ക് ഉപകരണങ്ങളും കുട്ടികളുടേയും കുടുംബങ്ങളുടെയും ആവശ്യത്തിനുള്ള ആരോഗ്യ പരിപാലന കിറ്റുകളും കൈമാറി. ഹെര്‍ബല്‍ സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ബാര്‍സോപ്പ്, വെളിച്ചെണ്ണ തുടങ്ങിയ അടങ്ങിയ കിറ്റുകളാണ് നല്‍കിയത്. ബേബി ജോണ്‍ മണിമലേത്ത്, കുരുവിള ചെറിയാന് തേക്കാട്ടില്‍, സുബീഷ് കെ.എം, അഭിലാഷ്.സി, ആശാ നന്ദന്, അമിതാ.എസ്, ഏബ്രഹാം.സി.റ്റി എന്നിവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: