തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വിമർശനത്തിൽ മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. എസ്എഫ്ഐയുടെ പരാമ്പര്യത്തെ തള്ളികളഞ്ഞു ഏതെങ്കിലും കോളേജിൽ നടക്കുന്ന പ്രശ്നങ്ങളെ പർവതീകരിച്ചു എസ്എഫ്ഐയെ തകർക്കാനാണ് ശ്രമം നടക്കുന്നത്. സ്എഫ്ഐക്ക് വരുന്ന ചെറിയ വീഴ്ചകൾ അവർ തന്നെ പരിഹരിച്ചു മുന്നോട്ടുപോകുമെന്നും ഗോവിന്ദൻ പറഞ്ഞു.
വിദ്യാർത്ഥികൾ അധ്യാപകർക്ക് നേരെയും അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരെയും നടത്തുന്ന കയ്യേറ്റങ്ങൾ തെറ്റായ പ്രവണതയാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അത് ഏകപക്ഷീയമായ സമീപനത്തോടെ കാണരുത്. കെ.എസ്.യു നേതാവ് ഉൾപ്പടെ പ്രിൻസിപ്പലൂടെ റൂമിൽ കടന്നു കാട്ടിയ കാര്യങ്ങൾ മാധ്യമങ്ങൾ എന്ത് കൊണ്ടു റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് എം വി ഗോവിന്ദൻ ചോദിക്കുന്നു.
ഇരന്നു വാങ്ങിയ കൊലപാതകം എന്നായിരുന്നു ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തിൽ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലുള്ള സംസാരം എത്ര മോശമായിരുന്നു. അവരാണ് എസ്എഫ്ഐയിലെ കുട്ടികളെ പഠിപ്പിക്കാൻ വരുന്നത്. വിദ്യാർത്ഥികളുടെ മുദ്രാവാക്യങ്ങളെക്കാൽ മ്ലേഛമാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംഭാഷണം. ബിനോയ് വിശ്വം പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പദാനുപദത്തിന് മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എല്ലാ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്ത് പരിഹാരം കാണുകയായിരുന്നു വേണ്ടിയിരുന്നതെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ഉന്നയിച്ച വിഷയങ്ങളിലും പി.ജയരാജനെ പിന്തുണയ്ക്കുന്ന നിലപാടാണ് എംവി ഗോവിന്ദൻ സ്വീകരിച്ചത്. സ്വർണ്ണം പൊട്ടിക്കലിനോട് ഒരുതരം വിട്ടുവീഴ്ചയും സിപിഎമ്മിന് ഇല്ല. ഇതിൽ ഉൾപ്പെട്ടവരെ പാർട്ടി ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചതാണ്. തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പി ജയരാജൻ തെറ്റുകാരനല്ലെന്നും പി ജയരാജന് ഈ വിഷയത്തിൽ പങ്കില്ലെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാർത്ത ശരിയല്ല. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇ.പി ജയരാജൻ സംസാരിച്ചു എന്ന വാർത്തയും ശരിയല്ല. പാർട്ടിക്കകത്ത് തർക്കങ്ങളും പ്രശ്നങ്ങളും ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: