ആലുവ: വിമാനത്തില് ശാരീരിക അവശതകള് നേരിട്ട യാത്രക്കാരിയെ രക്ഷിക്കാന് ഡോക്ടറെ സഹായിച്ചത് കയ്യിലുണ്ടായിരുന്ന സ്മാര്ട്ട് വാച്ച്. കഴിഞ്ഞദിവസം രാത്രി ന്യൂദല്ഹിയില് നിന്ന് സാന്ഫ്രാന്സിസ്കോയിലേക്ക് പോയ എയര് ഇന്ത്യ വിമാനത്തിലെ 56 കാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവര്ത്തിച്ചുള്ള ഛര്ദ്ദിയും ഉണ്ടായത്.
ഇത് ശ്രദ്ധയില്പെട്ട യാത്രികനായ ആലുവ രാജഗിരി ആശുപത്രി മെഡിക്കല് ഡയറക്ടര് ഡോ. ജിജി വി. കുരുട്ടുകുളം, രോഗിയെ നിലത്ത് കിടത്താന് നിര്ദേശിച്ചു. തുടര്ന്ന് തന്റെ ഐഡന്റിറ്റി കാര്ഡ് വിമാന അധികൃതരെ കാണിച്ച് ഡോ. ജിജി രോഗിയെ പരിശോധിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാന് ഡോ. ജിജിയെ സഹായിച്ചത് ധരിച്ചിരുന്ന സ്മാര്ട്ട് വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജന് സാച്ചുറേഷന് കുറവാണെന്നും രക്തസമ്മര്ദം കൂടിയിരിക്കുന്നതായും ഡോക്ടര് മനസിലാക്കി. വിമാനത്തില് ലഭ്യമായിരുന്ന മെഡിക്കല് കിറ്റില് നിന്നും ഡോ. ജിജി ആവശ്യമായ മരുന്നുകള് നല്കിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു.
അടുത്തുള്ള വിമാനത്താവളത്തിലേക്ക് ഫ്ളൈറ്റ് വഴിതിരിച്ച് വിടാനുളള തീരുമാനം ഡോക്ടറുടെ ഉറപ്പില് ക്യാപ്റ്റന് വേണ്ടെന്ന് വച്ചു. മുന്കൂട്ടി നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പായി വിമാനം സാന്ഫ്രാന്സിസ്കോയില് പറന്നിറങ്ങി. ജീവനക്കാര് നേരത്തെ അറിയിച്ചതനുസരിച്ച് മെഡിക്കല് സംഘം വിമാനത്താവളത്തില് രോഗിയെ കാത്ത് നിന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര് പറഞ്ഞു. ഡോ. ജിജി വി. കുരുട്ടുകുളത്തിന്റെ സമയോചിത ജീവന് രക്ഷാപ്രവര്ത്തനത്തിന് എയര് ഇന്ത്യ വിമാനത്തിലെ ജീവനക്കാരും, ക്യാപ്റ്റനും നന്ദി അറിയിച്ചു. ഫ്ളൈറ്റിന്റെ ക്യാപ്റ്റന് ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നല്കി. 9 വര്ഷത്തിലധികമായി രാജഗിരി ആശുപത്രിയില് ന്യൂറോളജി വിഭാഗത്തിന്റെ മേധാവിയായി പ്രവര്ത്തിച്ച് വരികയാണ് ഡോ. ജിജി വി. കുരുട്ടുകുളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: