കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ മഞ്ചേരി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജോലി-നിയമന തട്ടിപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. താല്‍ക്കാലിക നിയമനം നടത്തരുതെന്ന നിര്‍ദേശവും നിയമിക്കേണ്ടി വരുന്ന അടിയന്തര സാഹചര്യത്തില്‍ കര്‍ക്കശ നിയമം പാലിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. മാത്രമല്ല, താല്‍ക്കാലിക നിയമനത്തില്‍ ആള്‍മാറാട്ടം നടത്താന്‍ അധികൃതര്‍ കൂട്ടുനിന്ന സംഭവവും കണ്ടെത്തി. സര്‍വകലാശാലയുടെ ആഭ്യന്തര ഓഡിറ്റിങ് വിഭാഗമാണ് തിരിമറികള്‍ കണ്ടെത്തിയത്.
മഞ്ചേരി ആനക്കയത്തെ ഗവേഷണകേന്ദ്രത്തിലെ ഫാം സെയില്‍സ് കൗണ്ടറില്‍ 2021ല്‍ നടത്തിയ നിയമനം താല്ക്കാലികമായിരുന്നു. ഇതുസംബന്ധിച്ച് സ്ഥാപനത്തിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് (പിഐഒ) വിവരാവകാശ നിയമപ്രകാരം (ആര്‍ടിഐ) നല്കി അന്വേഷണ അപേക്ഷയില്‍ നല്കിയ മറുപടി താല്‍ക്കാലിക നിയമനം നടത്തിയിട്ടില്ല എന്നായിരുന്നു. എന്നാല്‍, നിയമനം നടത്തുക മാത്രമല്ല, ഒരേ ആളെത്തന്നെ 179 ദിവസം കഴിഞ്ഞ് മറ്റൊരാളുടെ അപേക്ഷയും അടിസ്ഥാന രേഖകളും ഉപയോഗിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച ചട്ടലംഘനവും ക്രമക്കേടും നടന്നതായി സര്‍വകലാശാലയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും ചെയ്തു. ജീവനക്കാരിയെ പിരിച്ചുവിട്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസറായ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റിനായിരുന്നു ഇക്കാലത്ത് നിയമനങ്ങളുടെയും പിഐഒയുടെയും ചുമതല.
എന്നാല്‍ പിന്നീട് പിഐഒയുടെ ചുമതല അഡ്മിനിസ്ട്രേഷന് വിഭാഗത്തിന് നല്കി. 2023ല്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുള്ളതായി വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി ലഭിച്ചു. ഈ വൈരുദ്ധ്യം ചോദ്യം ചെയ്ത് അപ്പീല്‍ പോയവര്‍ക്ക് ശരിയായ മറുപടി കിട്ടാഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ എത്തിയിരിക്കുകയാണ്. ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ ആള്‍മാറാട്ടം നടത്തി, അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നിഷേധിച്ച നടപടിക്കെതിരേ ഒട്ടേറെ പരാതികള്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് എത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: