സ്റ്റട്ട്ഗാര്‍ട്ട്: യൂറോ കപ്പ് 2024ല്‍ ഇന്ന് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കം. രാത്രി 9.30ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത് ആതിഥേയരായ ജര്‍മനിയും സ്‌പെയിനും.
ഇത്തവണത്തെ ഇതുവരെയുള്ള മത്സരങ്ങള്‍ വിലയിരുത്തിയാല്‍ ആരാധകരെ പിടിച്ചിരുത്തിയ രണ്ട് ടീമുകളാണ് ജര്‍മനിയും സ്‌പെയിനും. ഇതുവരെ തോല്‍വി അറിയാതെ മുന്നേറിവരാണ് രണ്ട് ടീമുകളും.
ഗ്രൂപ്പ് എയില്‍ നിന്നും ഹംഗറിയെയും സ്‌കോട്ട്‌ലന്‍ഡിനെയും തോല്‍പ്പിച്ച ജര്‍മനി മൂന്നാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങി. ഏഴ് പോയിന്റുമായി മുന്നേറിയ ജൂലിയന്‍ നാഗല്‍സ്മാന്റെ പ്രീക്വാര്‍്ടടറില്‍ നേരിട്ടത് ഡെന്‍മാര്‍ക്കിനെ. പുത്തന്‍ ജര്‍മനിയുടെ പ്രധാന പടയാളികളായ കായ് ഹവേര്‍ട്‌സും ജമാല്‍ മുസിയാലയും നേടിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിന്റെ കരുത്ത് മറികടന്നു. റഷ്യന്‍ ലോകകപ്പ് മുതല്‍ ടീം വലിയ തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരുന്നത്. 2014ല്‍ ലോകകിരീടം നേടിക്കൊടുത്ത പരിശീലകന്‍ യോക്കിം ലോയ്‌ക്ക് ശേഷം പരിശീലകര്‍ പലരെയും മാറിമാറി പരീക്ഷിച്ചു. ഒടുവില്‍ 36കാരനായ ജൂലിയന്‍ നാഗല്‍സിനെ മാസങ്ങള്‍ക്ക് മുമ്പ് ദൗത്യമേല്‍പ്പിച്ചു. താരത്തിന് കീഴില്‍ കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളും മികച്ച മുന്നേറ്റങ്ങളും കാഴ്‌ച്ചവച്ചാണ് ജര്‍മന്‍ ടീമിന്റെ മുന്നേറ്റം.
ജര്‍മനിയുടെ മണ്ണില്‍ നിന്നും നാലാംവട്ടവും യൂറോ കിരീടത്തില്‍ മുത്തമിടാനുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് പട. ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയോട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിന് പിന്നാലെയെത്തിയ ഡാ ലാ ഫ്യുവെന്റെയ്‌ക്ക് കീഴിലാണ് സ്‌പെയിന്‍ ഒരുങ്ങിയിട്ടുള്ളത്. റോഡ്രിയും പെഡ്രിയും റൂസും നയിക്കുന്ന മദ്ധ്യനിരയ്‌ക്കൊപ്പം അല്‍വാരോ മൊറാട്ടയ്‌ക്ക് കീഴില്‍ വലിയ മികവിലാണ് ടീം. ആദ്യ റൗണ്ടില്‍ കടുത്ത ഗ്രൂപ്പിലായിരുന്നു സ്‌പെയിന്‍. നിലവിലെ ജേതാക്കളായ ഇറ്റലിയും ക്രൊയേഷ്യയും ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലെ എല്ലാ കളികളും ജയിച്ചു. അല്‍ബേനിയയെയും ഇറ്റലിയെയും 1-0ന് തോല്‍പ്പിച്ചപ്പോള്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.
പ്രീക്വാര്‍ട്ടറില്‍ ജോര്‍ജിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ നേടി തൊല്‍പ്പിച്ചുകൊണ്ടാണ് സ്‌പെയിന്‍ ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് എഫില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചെത്തിയ ടീം ആണ് പോര്‍ച്ചുഗല്‍.
യൂറോ ക്വാര്‍ട്ടറില്‍ ഇന്ന് രാത്രി 12.30നാണ് രണ്ടാം മത്സരം. കരുത്തരായ പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലാണ് ഏറ്റുമുട്ടുക. ഒപ്പത്തിനൊപ്പം കരുത്തള്ള ടീമുകളാണ് ഇരുവരും.
2016 യൂറോ കപ്പില്‍ ഫൈനലിലാണ് ഇരു ടീമുകളും കൊമ്പുകോര്‍ത്തിരുന്നു. അന്ന് ആന്റോയിന്‍ ഗ്രീസ്മാന്റെ മികവില്‍ മുന്നേറിയ ഫ്രാന്‍സിനെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ കിരീടം ചൂടി. ദിദിയര്‍ ദെഷാംപ്‌സിന് കീഴില്‍ ഫ്രഞ്ച് പട നടത്തിയ ആദ്യത്തെ മികച്ച മുന്നേറ്റമായിരുന്നു അത്. 2006 ലോകകപ്പ് ഫൈനല്‍ പ്രവേശത്തിന് ശേഷം ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ടീം വര്‍ഷങ്ങളോളം വലിയ പ്രതിസന്ധി നേരിട്ട അവസ്ഥയിലാണ് 2012ല്‍ ദെഷാംപ്‌സ് ടീമിനെ ഏറ്റെടുക്കുന്നത്. 2014 ലോകകപ്പ് ഫുട്‌ബോളില്‍ ടീം മോശമല്ലാത്ത കുതിപ്പാണ് നടത്തിയത്. കരീം ബെന്‍സേമ ആയിരുന്നു അന്നത്തെ പ്രധാന താരം. പിന്നീടിങ്ങോട്ട് ടീമിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ നായകനായും പരിശീലകനായും ലോകകിരീടം നേടിയിട്ടുള്ള ദെസാംപ്‌സിന് നായകനായി യൂറോ കിരീടം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണ നടന്നുപോയ യൂറോ കപ്പില്‍ ദെസാംപ്‌സിന് കിട്ടാക്കനിയായിരിക്കുകയാണ്. അതിലേക്കുള്ള മുന്നേറ്റത്തിനിടെ സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്‌ക്ക് പരിക്കേറ്റത് തിരിച്ചടിയായി. പക്ഷെ ഇന്ന് താരം കളത്തിലിറങ്ങുമെന്നാണ് സൂചന.
മറുവശത്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ പ്രായം 39ലെത്തിയ റോണോയ്‌ക്ക് ഒരിക്കല്‍ കൂടി യൂറോ കിരീടത്തില്‍ മുത്തമിടാന്‍ ഇതാണ് ഒരേയൊരു അവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: