Kerala

ഇരിട്ടിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെയും മൃതദേഹം കണ്ടെത്തി.

Published by

കണ്ണൂര്‍: ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശി സൂര്യയുടെ(21) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്ന് മുന്നൂറ്‌ മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എടയന്നൂർ സ്വദേശി ഷഹർബാനയുടെ(28) മൃതദേഹം കണ്ടെത്തിയിരുന്നു.

സ്കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഇരുവരും പുഴയിൽ ഒഴുക്കിൽ പെട്ടത്. പൂവത്തെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ഷഹർബാനയും സൂര്യയും പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ. എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്‌സത്തിന്റെയും മകളാണ് ഷഹര്‍ബാന. ഇരുവരും ഇരിക്കൂര്‍ സിഗ്ബ കോളജിലെ ബി.എ സൈക്കോളജി അവസാനവര്‍ഷ വിദ്യാര്‍ഥിനികളായിരുന്നു.

സഹപാഠിയായ പടിയൂര്‍ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈല്‍ഫോണില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയശേഷം പൂവത്തെ കൂറ്റന്‍ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി.

കരയില്‍നിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. വിദ്യാര്‍ഥിനികള്‍ പുഴയിലിറങ്ങുന്നത് ശ്രദ്ധയില്‍പെട്ട മീന്‍പിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങള്‍ക്കകം ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മീന്‍പിടിക്കുന്നവരുടെ വലയില്‍പെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു. രണ്ട് ദിവസമായി തുടരുന്ന തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by