വളരെ പഴക്കമുള്ള അമ്പലങ്ങളിൽ ഒന്നായ ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടൻ അമ്പ് എയ്ത ഉഴ – കാടാമ്പുഴ (ഉഴ–സ്ഥലം) എന്നതാണ് കാടാമ്പുഴ ആയിത്തീർന്നത്. കാട്ടിലെ അൻപിന്റെ (ദയ) ഉറവ എന്ന അർഥത്തിലാണ് കാടാമ്പുഴ എന്നു പറയുന്ന അർത്ഥം ഉണ്ട്.
അർജ്ജുനനും പരശുരാമനും തമ്മിൽ യുദ്ധം നടന്ന സ്ഥലമാണ് ഇത്. അതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്. അതിപ്രകാരം, പാണ്ഡവർ ചൂതുകളിയിൽ തോറ്റപ്പോൾ അവരെ പതിമൂന്നു കൊല്ലത്തെ വനവാസത്തിന് പറഞ്ഞയച്ചു. വനവാസത്തിനു ശേഷവും കൗരവർ രാജ്യം തിരിച്ച് നൽകിയില്ലെങ്കിൽ അവരുമായി യുദ്ധം അനിവാര്യമായാൽ പ്രബലരായ കൗരവരെ ജയിക്കാൻ ദിവ്യായുധങ്ങൾ വേണ്ടിവരുമെന്ന് പാണ്ഡവർ കരുതി. അതിനുവേണ്ടി പരമശിവനെ പ്രസാദിപ്പിച്ച് പാശുപതാസ്ത്രം കരസ്ഥമാക്കാൻ അർജ്ജുനൻ ഇവിടെ തപസ്സ് ചെയ്തു. അദ്ദേഹത്തിന്റെ തപസ്സുകൊണ്ട് മനസ്സലിഞ്ഞ ഉമാ പാശുപതാസ്ത്രം കൊടുക്കണമെന്ന് പരമശിവനോട് അപേക്ഷിച്ചു.
അദ്ദേഹത്തെ പരീക്ഷിച്ചതിനു ശേഷം മാത്രമേ അസ്ത്രം കൊടുക്കാൻ പറ്റു എന്ന് പരമശിവൻ പറഞ്ഞു. അതിനുവേണ്ടി അർജ്ജുനനുമായി ഒരുയുദ്ധം നടത്തണം. അതിനായി ഭഗവാൻ കാട്ടാള വേഷം കൈക്കൊണ്ട് പുറപ്പെട്ടു. ഉമാദേവി കാട്ടാളത്തിയുടെ രൂപമെടുത്ത് ഭഗവാനെ അനുഗമിച്ചു. അവർ അർജ്ജുനൻ തപസ്സിനിരിക്കുന്ന സ്ഥലത്ത് വന്നു. അർജ്ജുനനെ വധിക്കാനായി ദുര്യോധനന്റെ കൽപന പ്രകാരം മുകാസുരൻ ഒരു പന്നിയുടെ വേഷത്തിൽ അവിടെ എത്തിച്ചേര്‍ന്നു. പന്നി അർജ്ജുനനെ ആക്രമിക്കാൻ മുതിർന്നപ്പോൾ അർജ്ജുനനും അതേ സമയം തന്നെ കാട്ടാള വേഷധാരിയായ പരമശിവനും പന്നിയുടെ നേർക്ക് അമ്പെയ്തു.
അമ്പേറ്റ് പന്നിവേഷം ധരിച്ച മുകാസുരൻ മരിച്ചു. തന്റെ അസ്ത്രമേറ്റാണ് അസുരന് മരിച്ചതെന്ന് അർജ്ജുനനും കാട്ടാളവേഷധാരിയായ പരമശിവനും അവകാശ വാദം ഉന്നയിച്ചു. തർക്കം മൂത്ത് യുദ്ധത്തിലെത്തി രണ്ടുപേരും അസ്ത്ര പ്രയോഗം തുടങ്ങി. വില്ലാളി വീരനായ അർജ്ജുനന്റെ അസ്ത്രപ്രയോഗത്തിന്റെ തീക്ഷണതയിൽ ഭഗവാന് ക്ഷീണിതനായി. ഇതുകണ്ട ഉമാദേവി അർജ്ജുനന്റെ അസ്ത്രങ്ങളെല്ലാം പുഷ്പങ്ങളായിത്തീരട്ടെ എന്ന് ശപിച്ചു. എങ്കിലും അർജ്ജുനൻ പുഷ്പവർഷം ചെയ്ത് ഭഗവാനെ പൂക്കളൾ കൊണ്ട് മൂടി ശ്വാസം മുട്ടിച്ചു. അപ്പോള്‍ ദേവി അർജ്ജുനന്റെ ആവനാഴിയിലെ പുഷ്പങ്ങളും ഇല്ലാതാക്കി.
അർജ്ജുനൻ വില്ലുകൊണ്ടും മുഷ്ടികൊണ്ടും യുദ്ധം തുടർന്നു ഗത്യന്തരമില്ലാതായപ്പോള്‍ ഭഗവാൻ അർജ്ജുനനെ മുഷ്ടികൊണ്ട് ഉഗ്രമായൊന്ന് പ്രഹരിച്ചു. പ്രഹരമേറ്റ അർജ്ജുനൻ ബോധരഹിതനായി വീഴുകയും ദേവി മോഹലാസ്യത്തിൽ നിന്ന് ഉണർത്തുകയും ചെയ്തു. താൻ ആരോടാണ് എതിരിട്ടതെന്ന് ബോധ്യമായി ഉടൻ തന്നെ ഭഗവാന്റെ കാൽക്കൽ വീണ് താൻ ചെയ്ത തെറ്റു ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. കാട്ടാളരൂപിയായ പരമേശ്വരനും കിരാതരൂപിണിയായ പാര്‍വ്വതിയും സന്തുഷ്ടരായി അർജ്ജുനൻ ആവശ്യപ്പെട്ട പ്രകാരം പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചയച്ചു.
അര്ജ്ജുനൻ അസ്ത്ര പുഷ്പങ്ങള്‍ കൊണ്ട് ഭഗവാനെ മൂടിയതിനെ അടിസ്ഥാനമാക്കിയാണ് പൂമൂടൽ എന്ന വഴിപാട് ഇവിടെ പ്രധാനമായിത്തീർന്നത് എന്നാണ് ഒരു ഐതിഹ്യം. ഈ ഐതിഹ്യം ശരിവയ്ക്കുന്നതിനായി കാടാമ്പുഴ ക്ഷേത്രത്തിൽ രണ്ടു നാഴിക ദൂരത്ത് ക്ഷേത്രത്തിന് നേരെ പടിഞ്ഞാറായി അമ്പും വില്ലും ധരിച്ച് കിരാതരൂപിയായ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രം ഇപ്പോഴും നിലവിലുണ്ട്. കാട്ടാളരൂപികളായ ശിവന്റെയും, ഉമാദേവിയുടെയും ശക്തി ഇവിടെ തുടർന്നു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: