ന്യൂദല്‍ഹി: കേരളത്തില്‍ പുതിയ സംസ്ഥാന ധനകാര്യ കമ്മിഷന് രൂപീകരിക്കാത്തതിനാല്‍ പഞ്ചായത്തുകള്‍ക്കുള്ള കോടിക്കണക്കിനു രൂപയുടെ കേന്ദ്ര ഗ്രാന്റുകള്‍ നല്‍കാനാകാത്ത സ്ഥിതിയെന്ന് കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാന ധനകാര്യ കമ്മിഷന് രൂപീകരിച്ച് വിവരം കൈമാറണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെന്നും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കുറ്റപ്പെടുത്തി. ഇതുമൂലം കേരളത്തിലെ പഞ്ചായത്തുകള്‍ക്കായി 15-ാം കേന്ദ്ര ധനകാര്യ കമ്മിഷന് ശിപാര്‍ശ പ്രകാരം വിതരണം ചെയ്ത 5,337 കോടി രൂപയുടെ ഗ്രാന്റിന്റെ അടുത്ത ഗഡു നല്‍കാനാകാത്ത സ്ഥിതിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരുദാഹരണമായി പഞ്ചായത്തുകളുടെ ഗ്രാന്റ് നേടിയെടുക്കുന്നതിലെ വീഴ്ച.
14-ാം ധനകാര്യ കമ്മിഷന് ഗ്രാന്റായി 2015-16 മുതല്‍ 2019-20 വരെ 3,774.20 കോടി രൂപയും 15-ാം ധനകാര്യ കമ്മിഷന് ഗ്രാന്റായി 2020-21 മുതല്‍ 2026-27 വരെ 5,337 കോടി രൂപയും കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കി. ജൂണ്‍ 28 വരെ നല്കിയ തുകയുടെ കണക്കാണിത്. എന്നാല്‍ 2024 മാര്‍ച്ചിന് ശേഷം കേന്ദ്ര ഗ്രാന്റുകള്‍ അനുവദിക്കുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥയായ സംസ്ഥാന ധനകാര്യ കമ്മിഷന് സംബന്ധമായ വിശദാംശങ്ങള്‍ പഞ്ചായത്തീരാജ് മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് പ്രത്യേക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം അറിയിച്ചു.
15-ാം ധനകമ്മിഷന്റെ ശിപാര്‍ശ പ്രകാരമുള്ള ഗ്രാന്റ് പഞ്ചായത്തുകള്‍ക്കു നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നതായി ചില മലയാള മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീഴ്ച വരുത്തിയത് കേരളമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ചൂണ്ടണ്ടിക്കാട്ടിയത്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ചെയര്‍മാനായി 2019ല്‍ രൂപീകരിച്ച ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ കാലാവധി 2021 ആഗസ്തില്‍ അവസാനിച്ചതാണ്. പുതിയ ധനകാര്യ കമ്മിഷനെ നിയമിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നു വര്‍ഷമായിട്ടും തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വരുത്തിയ ഗുരുതര വീഴ്ചയാണിത്.
15-ാം ധനകാര്യ കമ്മിഷന് ശിപാര്‍ശകള്‍ പ്രകാരം എല്ലാ സംസ്ഥാനങ്ങളും ധനകാര്യ കമ്മിഷന് രൂപീകരിക്കുകയും കമ്മിഷന് ശിപാര്‍ശകളനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. സംസ്ഥാന ധനകാര്യ കമ്മിഷന്റെ നടപടികളെക്കുറിച്ച് 2024 മാര്‍ച്ചിലോ അതിനു മുമ്പോ സംസ്ഥാന നിയമസഭ മുമ്പാകെ വിശദീകരണ മെമ്മോറാണ്ടം സമര്‍പ്പിക്കണമെന്നതും നിര്‍ബന്ധമാണ്. 2024 മാര്‍ച്ചിന് ശേഷം സംസ്ഥാന ധനകാര്യ കമ്മിഷന് സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഗ്രാന്റുകള്‍ അനുവദിക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ വര്‍ഷം ജൂണ്‍ 11നും ജൂണ്‍ 24നും അയച്ച കത്തുകളിലൂടെ സംസ്ഥാന ധനകാര്യ കമ്മിഷന് സംബന്ധമായ വിശദാംശങ്ങള്‍ നല്കാന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കേരളത്തോട് വീണ്ടും അഭ്യര്‍ഥിച്ചിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തെ അണ്‍ടൈഡ് ഗ്രാന്റിന്റെ രണ്ടാം ഗഡു സംബന്ധിച്ച ഗ്രാന്റ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പരിശോധിച്ചു വരുന്നു. ഇതിനൊപ്പം 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യഗഡു നല്‍കുന്നതിന് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: