കൊയിലാണ്ടി: ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിനെയും മറ്റ് ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ എസ്എഫ് ഐയും പോലീസും ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അമല്‍ മനോജ്.
എസ്എഫ്ഐ സംഘം കോളജിലെത്തി പ്രിന്‍സിപ്പലിനെ ആക്രമിക്കുകയും കൊലവിളി മുഴക്കുകയും ചെയ്തു. എന്നിട്ടും ഇരയെ സംരക്ഷിക്കാതെ ഭീകരവാദികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് കൊയിലാണ്ടിയിലെ പോലീസെന്ന് പ്രസ്താവനയില്‍ പറയുന്നു.
മുന്‍പും എസ്എഫ്ഐ ഇതേ കോളജില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഏതാനും നാള് മുന്‍പ് എസ്എന്‍ കോളജിലെ ഒരു വിദ്യാര്‍ത്ഥിയെ ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു. അന്നും പോലീസ് സംരക്ഷിച്ചു. ഇന്ന് ഭീകര സംഘമായി എസ്എഫ്ഐ മാറി. അക്രമത്തിന് നേതൃത്വം നല്കിയ ഏരിയാ പ്രസിഡന്റ് അഭിനവ് ഉള്‍പ്പെടെ മുഴുവന്‍ എസ്എഫ്ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് അമല്‍ മനോജ് ആവശ്യപ്പെട്ടു.
അതേസമയം കൊയിലാണ്ടി ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിന്റെ മുഖത്തിടിച്ച നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. കാമ്പസിലെ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്കറിന്റെ നടപടി. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: