ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പരിഷ്‌കരിച്ച പുതിയ റാങ്ക് പട്ടികയില്‍ ട്വന്റി20 ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനക്കാരനായി ഭാരതത്തിന്റെ ഹാര്‍ദിക് പാണ്ഡ്യ.
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗയ്‌ക്കൊപ്പം ഒന്നാം റാങ്ക് പങ്കുവയ്‌ക്കുകയാണ് പാണ്ഡ്യ. ആദ്യമായാണ് ഒരു ഭാരത ഓള്‍റൗണ്ടര്‍ ട്വന്റി20യില്‍ ഒന്നാം റാങ്കിലെത്തുന്നത്.
ശനിയാഴ്‌ച്ച സമാപിച്ച ഐസിസി ട്വന്റി20 ലോകകപ്പില്‍ കാഴ്‌ച്ചവച്ച മികച്ച പ്രകടനമാണ് പാണ്ഡ്യയുടെ റാങ്കിങ്ങില്‍ പ്രതിഫലിച്ചത്. ഫൈനലില്‍ താരം കൈവരിച്ച നിര്‍ണായക വിക്കറ്റ് നേട്ടങ്ങളാണ് ഭാരതത്തെ കിരീടത്തിലേക്ക് നയിച്ചത്. അപകടകാരികളായ ഹെന്റിച്ച് ക്ലാസനെയും ഡേവിഡ് മില്ലറെയും പുറത്താക്കിയത് ഭാരത വിജയം എളുപ്പമാക്കി. അവസാന ഓവറില്‍ 16 റണ്‍സ് പ്രതിരോധിക്കാനുള്ള ദൗത്യവും പാണ്ഡ്യ കൃത്യമായി നിര്‍വഹിച്ചു. ഏഴ് റണ്‍സിനായിരുന്നു ഭാരതത്തിന്റെ വിജയം. ടൂര്‍ണമെന്റിലുടനീളം 151.57 പ്രഹരശേഷിയോടെ 144 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഒപ്പം എട്ട് കളികളില്‍ നിന്ന് 11 വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: