എറണാകുളം: കൊച്ചിയില്‍ അവയവക്കടത്തിന്റെ ഭാഗമായി രാജ്യാന്തര മനുഷ്യക്കടത്തും ദുരൂഹമായ പണമിടപാടുകളും നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എൻഐഎ കേസ് ഏറ്റെടുത്തു.
അന്താരാഷ്ര് മാനങ്ങളുള്ള ഈ കേസ് എൻഐഎ കൊച്ചി യൂണിറ്റ് ആണ് ഏറ്റെടുത്തത്. നേരത്തെ ആലുവ റൂറൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണിത്. ഒരു സംസ്ഥാനത്തെ കേസ് എന്‍ ഐഎ ഏറ്റെടുക്കണമെങ്കില്‍ അതിന് ചില നടപടിക്രമങ്ങളുണ്ട്.
എന്‍ഐഎയ്‌ക്ക് ഈ കേസ് ഏറ്റെടുക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ആ അനുമതി ലഭിച്ചതോടെയാണ് എന്‍ഐഎ ബുധനാഴ്ച കേസ് ഏറ്റെടുത്തത്. കേസിൽ ഹൈദരബാദും ചെന്നെയും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടന്നു വരികയാണ്. കേസിലെ പ്രധാന പ്രതിയെ പിടികൂടിയിട്ടുണ്ട്. പ്രതാപന്‍ എന്ന വിളിപ്പേരുള്ള ബല്ലംകൊണ്ട രാമപ്രസാദ് ആണ് മുഖ്യസൂത്രധാരന്‍. ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. കേസിൽ നാല് പ്രതികളുണ്ട്.
അവയവങ്ങള്‍ നല്‍കാന്‍ തയ്യാറായി വരുന്നവരുടെ മുന്‍പില്‍ ഇദ്ദേഹം പലപ്പോഴും ഡോക്ടറായി വേഷം കെട്ടി. ഹൈദരാബാദില്‍ തന്നെയുള്ള കെ.ആര്‍.എസ് രാമപ്രസാദ് എന്ന ഡോക്ടറുടെ മുറിയ്‌ക്ക് മുകളില്‍ മറ്റൊരു മുറി വാടകയ്‌ക്കെടുത്താണ് പ്രതാപന്‍ എന്ന ബെല്ലംകൊണ്ട രാമപ്രസാദ് തട്ടിപ്പ് നടത്തിയത്. താഴത്തെ മുറിയിലെ ഡോ. രാമപ്രസാദിന്റെ ബോര്‍ഡിന്റെ മറവില്‍ താനാണ് ഡോ. രാമപ്രസാദ് എന്നാണ് അവയവം ദാനം ചെയ്യാന്‍ വരുന്നവരെ പരിചയപ്പെടുത്തിയത്. ജമ്മുകശ്മീര്‍, ദല്‍ഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇയാള്‍ രോഗികളെ സംഘടിപ്പിച്ചിരുന്നു. പിന്നീട് ഈ രോഗികളെ ഇറാനിലേക്ക് അയക്കും. അവിടെ എത്തുന്ന രോഗികളെ കൈകാര്യം ചെയ്തിരുന്നത് സാബിത് നാസറാണ്.
പണമിടപാട് നടത്തിയിരുന്നത് ക്രിപ്റ്റോകറന്‍സിയില്‍
അവയവങ്ങള്‍ സ്വീകരിക്കുന്നവരും നല്കുന്നവരുമായുള്ള പണമിടപാടുകള്‍ നടത്തിയിരുന്നത് ക്രിപ്റ്റോ കറന്‍സിയിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്തുവരികയാണ്. പണമിടപാടുകള്‍ കൈകാര്യം ചെയ്തതില്‍ ഒരാള്‍ കൊച്ചി സ്വദേശി മധുവാണ്. ഇയാള്‍ പ്രതികള്‍ക്ക് പണം അയച്ചതിന്റെ രേഖകള്‍ കണ്ടെത്തി. അവയവ കടത്ത് സംഘത്തിലെ പ്രധാന ഏജന്‍റുമാരില്‍ ഒരാളാണ് തൃശൂര്‍ എടമുട്ടം സ്വദേശി സാബിത്ത് നാസര്‍. ഇയാളുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടുകളുടെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി.
അവയവം സ്വീകരിക്കാനുള്ള ആളുകളെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണെന്നാണ് കണ്ടെത്തൽ. ആളുകളെ കണ്ടെത്തി കഴിഞ്ഞാൽ അവയവത്തിനുള്ള പണം പറഞ്ഞുറപ്പിക്കും. 30 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് പാക്കേജ്. അവയവങ്ങള്‍ ദാനം ചെയ്യുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ദാതാക്കളില്‍ നിന്നും അവയവങ്ങള്‍ സ്വീകരിച്ചിരുന്നത്. ഇതിന് ശേഷം ഇടപാടുകാരെ ഇറാനിലേക്ക് കടത്തുന്നതാണ് രീതി. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്റ്റോ കറൻസി വഴിയാണ്.
ഇനി കോടതിയിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്യും. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: