ന്യൂദല്‍ഹി: ആരും പറയുന്നത് കേള്‍ക്കാത്തതിനാലാണ് ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ പരാജയപ്പെട്ടതെന്ന് അണ്‍അക്കാദമി സിഇഒ ഗൗരവ് മുഞ്ജാല്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് എന്നതില്‍ നിന്നും വട്ടപ്പൂജ്യമായി ബൈജൂസ് എന്തുകൊണ്ട് മാറി എന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് എക്സില്‍ പങ്കുവെച്ച ഗൗരവ് മുഞ്ജാലിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ബൈജൂസിനെപ്പോലെത്തന്നെ ഓണ്‍ലൈന്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ കോച്ചിംഗ് സ്ഥാപനമാണ് അണ്‍അക്കാദമി. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് എന്ന നിക്ഷേപസ്ഥാപനമായിരുന്നു അണ്‍ അക്കാദമിക്ക് ഫണ്ട് നല്‍കിയത്.
കോവിഡിന് ശേഷം ബൈജൂസ് തകര്‍ന്നപ്പോള്‍ വിപണിയില്‍ വിജയകരമായി നില്‍ക്കാന്‍ കഴിഞ്ഞ സ്ഥാപനമായിരുന്നു അണ്‍ അക്കാദമി. കഴിഞ്ഞ ദിവസം ബിസിനസ് പുനസംവിധാനം ചെയ്യുന്നതിന്റെ ഭാഗമായി അണ്‍അക്കാദമി 250 ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും പുതിയ വന്‍നിക്ഷേപം അണ്‍അക്കാദമിയിലേക്ക് എത്താന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അതിനിടയിലാണ് ഗൗരവ് മുഞ്ജാല്‍ ബൈജു രവീന്ദ്രന്റെ വീഴ്ചയ്‌ക്ക് പിന്നിലെ കാരണങ്ങള്‍ വിലയിരുത്തിക്കൊണ്ട് പ്രതികരിച്ചത്. സ്റ്റാര്‍ട്ടപ് ബിസിനസുകാര്‍ക്ക് മാത്രമല്ല, ഏത് ബിസിനസുകാരനും വലിയ പാഠങ്ങളാണ് ഗൗരവ് മുഞ്ജാല്‍ ബൈജു രവീന്ദ്രനെക്കുറിച്ച് നടത്തിയ പ്രതികരണം.
“ബിസിനസിന്റെ പേരില്‍ അവന്‍ സ്വയം ഒരു ഉയര്‍ന്ന സ്ഥാനത്ത് അവനെ പ്രതിഷ്ഠിച്ചു. അതോടെ മറ്റാരും പറയുന്നത് കേള്‍ക്കാതായി. അത് ചെയ്യരുത്, ഒരിക്കലും അങ്ങനെ ചെയ്യരുത്. എല്ലാവരേയും കേള്‍ക്കണമെന്നില്ല, മോശം ഫീഡ് ബാക്കുകള്‍ തരുന്ന ചില വ്യക്തികളും ഇല്ലാതില്ല. അവരെ പ്രത്യേകം വേര്‍തിരിച്ചറിയണമെന്നു മാത്രം.’- മുഞ്ജല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സില്‍ (മുമ്പത്തെ ട്വിറ്റര്‍) കുറിച്ചു. അഭിപ്രായങ്ങള്‍ എല്ലായ്‌പ്പോഴും ഇഷ്ടമാകണമെന്നില്ല. എന്നാല്‍ ഇത്തരം അഭിപ്രായങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈജുവിനെ വിമര്‍ശിക്കുന്നതിനു മുമ്പ്, കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് മറ്റുള്ളവരില്‍ നിന്നും ലഭിച്ച ചില പാഠങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്‌ക്കുക കൂടി ചെയ്യുന്നുണ്ട് ഗൗരവ് മുഞ്ജാല്‍. ചില നിക്ഷേപകര്‍ ആസ്തികളാണ്, മറ്റു ചിലര്‍ ബാധ്യതകളാണ്. ആസ്തിയുള്ളവരെ കണ്ടെത്തി അവരെ ശ്രദ്ധിക്കുക എന്നതാണ് മികച്ച തന്ത്രമെന്ന് മുഞ്ജാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: