തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 9000 എംഡിഎംഎ ഗുളികകൾ കണ്ടെത്തി. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്.
തൃശൂർ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഒല്ലൂരിൽ നടത്തിയ വാഹനപരിശോധയിലാണ് ഫാസിൽ കുടുങ്ങിയത്. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്.
എറണാകുളത്തുനിന്ന് കാറില്‍ തൃശൂരിലേക്ക് മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം. വാഹനം പരിശോധിച്ചതിൽ നിന്നും എംഡിഎംഎ ഗുളികകള്‍ കണ്ടെടുത്തു. പിന്നാലെ ഇയാളുടെ ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികള്‍ പിടിച്ചെടുത്തു. ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതി എംഡിഎംഎ എത്തിക്കുന്നതെന്നും ലഹരി വസ്തുവിന് മാർക്കറ്റിൽ 3 കോടിയിലധികം വില വരുമെന്നും പോലീസ് പറയുന്നു.
ഫാസിൽ എംഡിഎംഎ മൊത്തവിതരണക്കാരനാണെന്നാണ് വിവരം. ഗോവയിൽ നിന്ന് വൻതോതിൽ നാട്ടിലെത്തിച്ച് വിൽപന നടത്തുന്നതാണ് രീതി. ഇയാളുടെ കണ്ണൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം, വിൽപനയ്‌ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി അസാം സ്വദേശി തൃശൂരിൽ പിടിയിലായി. ലഹരിഘട്ട് സ്വദേശി അസമാണ് (24) അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: