ചെങ്ങന്നൂര്‍: ശബരിമലയില്‍ അടുത്ത തന്ത്രാധിപത്യം ഏല്ക്കുന്ന കണ്ഠര് ബ്രഹ്മദത്തന് എട്ട് വര്‍ഷം മുന്‍പ് പൂജാ പഠനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതാണ്. ആചാരപ്രകാരം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളും ബ്രഹ്മദത്തന് പൂര്‍ത്തിയാക്കിയിരുന്നു.
ശബരിമല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠക്ക് അച്ഛന് രാജീവരിനൊപ്പം സഹകാര്മികനായിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം കര്‍ക്കടകമാസ പൂജക്കും നിറപുത്തരിക്കും സന്നിധാനത്തെത്തിയ ബ്രഹ്മദത്തന് ഓരോ പൂജയുടെയും പ്രത്യേകതയും കൃത്യതയോടെ ചെയ്യേണ്ട രീതികളും അച്ഛനില്‍ നിന്നും പഠിച്ചിരുന്നു.
നിലവില്‍ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര്ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്മദത്തന് കൂടി വരുന്നതോടെ പുതുതലമുറയുടെ സാന്നിധ്യം പൂര്‍ണമാകും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴ്മണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരുടെ മകന് കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. അടുത്ത ഊഴം കണ്ഠര് രാജീവരുടേതാണ്. അതിനാലാണ് മകന് ചുമതല ഏല്‍ക്കുന്നത്.
ചിങ്ങം ഒന്നിന് നട തുറക്കുമ്പോഴാണ് എല്ലാ വര്‍ഷവും തന്ത്രിമാറ്റം പതിവ്. ഇക്കൊല്ലം ചിങ്ങമാസ പൂജകള്‍ക്ക് ആഗസ്ത് 16ന് ആണ് നടതുറക്കുക. ശബരിമലയിലെ ചടങ്ങുകളിലെല്ലാം തന്റെ പങ്കാളിത്തവും മേല്‍നോട്ടവും ഉണ്ടാകുമെന്ന് രാജീവര് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: