കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് തെറ്റുതിരുത്തല്‍ മാര്‍ഗരേഖ അവതരിപ്പിക്കാനായുള്ള സിപിഎം മേഖലാ യോഗത്തില്‍ പിണറായി സര്‍ക്കാരിനെതിരെ സിപിഎം നേതാവ് പ്രകാശ് കാരാട്ട്.
ഇന്നലെ കണ്ണൂര്‍ ബര്‍ണശേരി നായനാര്‍ അക്കാദമിയിലാണ് വടക്കന്‍ മേഖലാ യോഗം നടന്നത്. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി, തെറ്റുതിരുത്തലിനായി കേന്ദ്രക്കമ്മിറ്റി തയാറാക്കിയ മാര്‍ഗരേഖ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്താണ് പ്രകാശ് കാരാട്ട് സംസാരിച്ചത്. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്ന വീഴ്ചയും മറ്റ് നിരവധി ഘടകങ്ങളും മൂലം പാര്‍ട്ടി വോട്ടടക്കം ചേരുന്നതിനിടയാക്കിയെന്ന് കാരാട്ട് മാര്‍ഗരേഖ അവതരിപ്പിച്ച് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന ഘടകം കേന്ദ്രകമ്മിറ്റിക്ക് മുന്നില്‍ ഒരു റിപ്പോര്‍ട്ട് വച്ചിരുന്നെങ്കിലും അത് അപ്പാടേ തള്ളിയാണ് കാരാട്ട് സംസാരിച്ചത്. കേരളത്തിലെ പരാജയം സംബന്ധിച്ച ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും തെറ്റുതിരുത്തല്‍ മാര്‍ഗരേഖ കീഴഘടകങ്ങളില്‍ സജീവ ചര്‍ച്ചയ്‌ക്ക് വയ്‌ക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
സപ്തംബറില്‍ ആരംഭിക്കാനിരിക്കുന്ന സമ്മേളനങ്ങളിലെ സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പും ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കണമെന്നും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, ലഹരി സംഘങ്ങള്‍ ഇവയുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പോലും നല്കരുതെന്നും കാരാട്ട് വ്യക്തമാക്കി.
ബിജെപിയിലേക്ക് പോയ വോട്ട് തരികെ പിടിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിയണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തില്‍ പറഞ്ഞു.
പോയാല്‍ പിന്നെ തിരിച്ചുവരാനാകില്ലെന്നതിന്റെ തെളിവാണ് ബംഗാളും ത്രിപുരയും. യുഡിഎഫിലേക്കുപോയ വോട്ട് തിരിച്ചുപിടിക്കാന്‍ എളുപ്പമാണ്. സഖാക്കള്‍ സ്വയം അധികാര കേന്ദ്രമാകരുത്. തോല്‍വിക്ക് കാരണം ജനങ്ങളില്‍ നിന്ന് അകന്നതാണ്. തെറ്റുതിരുത്താന്‍ ഓരോ സഖാവും തയാറാകണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
മേഖലാ യോഗത്തില്‍ ലോക്കല്‍ സെക്രട്ടറിമാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് പങ്കെടുത്തത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്രക്കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, പി. ജയരാജന്‍, കെ.കെ. ശൈലജ, പി. കരുണാകരന്‍, സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ടി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: