തിരുവനന്തപുരം: പ്രസിദ്ധമായ പൂജപ്പുര സരസ്വതി ക്ഷേത്രവും നവരാത്രി മണ്ഡപവും കൈയേറി കാര്‍ഷിക പ്രദര്‍ശനവും കമ്പോസ്റ്റ് കച്ചവടവും തുടങ്ങി സിപിഎം. മാര്‍ത്താണ്ഡ വര്മ്മമഹാരാജാവിന്റെ കാലം മുതല്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി തക്കലയിലെ കുമാര കോവിലില്‍ നിന്ന് വെള്ളിക്കുതിരയുടേയും മുരുകന്റേയും പ്രതിഷ്ഠ കാവടിയുമായി കൊണ്ടുവന്ന് ഇരുത്തി പൂജിക്കുന്ന സരസ്വതി മണ്ഡപത്തില്‍ ചവറുകൂമ്പാരവും ഗ്യാസുകുറ്റിയും. ഒപ്പം നേരം ഇരുട്ടുമ്പോള്‍ കുട്ടി നേതാക്കളുടെ വെള്ളമടിയും തെറിവിളിയും. ക്ഷേത്രത്തില്‍ ഭക്തര്‍ എത്തുന്നതു പോലും ആശങ്കയോടെ. സരസ്വതി മണ്ഡപത്തോടു ചേര്‍ന്ന് കാര്‍ഷിക ഉപകരണങ്ങളും കമ്പോസ്റ്റ് ഉള്‍പ്പെടെയുള്ള ജൈവവള വിപണന സ്റ്റാളുകളും.
ക്ഷേത്രത്തെയും നവരാത്രി മണ്ഡപത്തെയും റോഡില്‍ നിന്ന് കാണാനാകാത്ത വിധം സ്റ്റാളുകള്‍ കെട്ടി മറച്ചാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഉത്പന്ന വില്പനയും നടത്തുന്നത്. ക്ഷേത്രത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന സ്റ്റേജില്‍ സെമിനാറും പാര്‍ട്ടി മീറ്റിങ്ങും. ക്ഷേത്രത്തിനു മുന്നില്‍ റോഡുവക്കിലെ കാണിക്ക വഞ്ചിപോലും മറച്ചുകെട്ടിയാണ് ചന്തയുടെ പന്തല്‍. ക്ഷേത്രത്തിലേക്ക് കടക്കാനാകാത്ത വിധം കാര്‍ഷിക മേളയ്ക്കെത്തിയ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിലെ വലിയ വാഹനങ്ങളുടെ പാര്‍ക്കിങ്. ആരാധനാ സമയത്തുപോലും സ്റ്റേജില്‍ ഉച്ചത്തില്‍ മൈക്കുവച്ചുള്ള പരിപാടികളുണ്ട്.
ക്ഷേത്രഭരണം നടത്തുന്ന ട്രസ്റ്റിലേക്ക് നുഴഞ്ഞുകയറിയ എല്‍സി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ക്ഷേത്രാരാധനയെ വെല്ലുവിളിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ അതിക്രമം. മറ്റ് ട്രസ്റ്റംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചും അവരെ ഭീഷണിപ്പെടുത്തിയും മേയര്‍ ആര്യാ രാജേന്ദ്രനും സിപിഎം പ്രാദേശിക നേതാക്കളും ക്ഷേത്രാരാധന അട്ടിമറിക്കുന്നതില്‍ ഭക്തജനങ്ങളും രോഷാകുലരാണ്.
മേയറുടെ നിര്‍ദേശ പ്രകാരം ക്ഷേത്ര രക്ഷാധികാരിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഗോപകുമാര്‍, മുന്‍ സെക്രട്ടറിയും സിപിഎം ഭാരവാഹിയുമായ സി.എസ്. മോഹന്‍, സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി തമലം മധു എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രമുറ്റവും സ്റ്റേജും നവരാത്രി മണ്ഡപവും കൈയേറി ക്ഷേത്രം മറച്ചുകൊണ്ടു വിപണ സ്റ്റാളുകള്‍ കെട്ടി ഉയര്‍ത്തിയത്. ദീപാരാധന സമയത്ത് യാത്രക്കാരും കച്ചവടക്കാരുമെല്ലാം റോഡില്‍ നിന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മുന്വശമെങ്കിലും മറയ്ക്കാതിരിക്കണമെന്നാവശ്യപ്പെട്ട ഭക്തര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ടാണ് സിപിഎം നേതാക്കള്‍ ക്ഷേത്രധ്വംസനത്തിന് കൂട്ടുനിന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: