ബുക്കാറസ്റ്റ്: സൂപ്പര്‍ ബെറ്റ് ചെസ്സില്‍ കഴിഞ്ഞ രണ്ട് റൗണ്ടുകളില്‍ ഗുകേഷിനും യുഎസിലെ വെസ്ലി സോയ്ക്കും എതിരെ വിജയസാധ്യത കളഞ്ഞ് കുളിച്ച് സമനിലയ്ക്ക് വഴങ്ങേണ്ടി വന്ന വിഷമത്തിലാണ് പ്രജ്ഞാനന്ദ. ഉറപ്പായും ജയിക്കാവുന്ന പൊസിഷനാണ് ശ്രദ്ധക്കുറവ് കൊണ്ടോ അമിത മാനസിക സമ്മര്‍ദ്ദം കാരണം വിജയക്കരുനീക്കം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടോ പ്രജ്ഞാനന്ദയ്ക്ക് വിജയിക്കാന്‍ സാധിക്കാതിരുന്നത്.
ഈ ടൂര്‍ണ്ണമന്റില്‍ പ്രജ്ഞാനന്ദയ്ക്ക് വിജയ സാധ്യത കല്പിക്കപ്പെടുന്നുണ്ട്. നാലാം റൗണ്ടില്‍ ഡച്ച് ഗ്രാന്റ് മാസ്റ്റര്‍ അനീഷ് ഗിരിയെ തോല്പിച്ച് കൊണ്ട് പ്രജ്ഞാനന്ദ തന്റെ പ്രതിഭയുടെ തിളക്കം അറിയിച്ചിരുന്നു. പക്ഷെ മറ്റെല്ലാ കളികളും സമനില സമ്മതിക്കേണ്ടിവന്നു. ഗ്രാന്റ് ചെസ് ടൂറിലെ ഒന്നാം ടൂര്‍ണ്ണമെന്റ് പോളണ്ടിലെ വാഴ്സോയി്ല് നടന്നപ്പോള്‍ അസാധാരണ പ്രകടനം കൊണ്ട് മൂന്നാം സ്ഥാനം നേടിയിരുന്നു പ്രജ്ഞാനന്ദ. അതിന്റെ പേരില്‍ 20,000 ഡോളര്‍ സമ്മാനത്തുകയും നേടി. പക്ഷെ റൊമാനിയയില്‍ മാധ്യമങ്ങള്‍ ചാമ്പ്യനാകാനുള്ള സാധ്യത പ്രജ്ഞാനന്ദയ്ക്ക് കല്പിക്കുന്നതിനാലാകണം അദ്ദേഹം കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാണ്.
ഡി.ഗുകേഷ് 18 കാരനെങ്കിലും ഒരു സന്യാസിയുടെ മനസ്സുള്ള കൗമാരക്കാരനാണ്. ഏത് സമ്മര്‍ദ്ദങ്ങളെയും ശാന്തമായി നേരിടാനുള്ള കഴിവ് അപാരമാണ്. അതുപോലെ കഴിയുന്നതും സമനിലയെങ്കിലും പിടിച്ച് തോല്‍ക്കാതെ നോക്കുക എന്ന തന്ത്രം സംയമനത്തോടെ നടപ്പാക്കുന്ന താരവുമാണ്. അതാണ് ക്ലാസിക് ചെസ്സുകളില്‍ ഡി.ഗുകേഷ് ശ്രദ്ധേയമായ പ്രകടനം നടത്തുന്നതിന് ഒരു കാരണം. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി മാറാന്‍ ഗുകേഷിന് സാധിച്ചതും അതുകൊണ്ടാണ്.
പ്രജ്ഞാനന്ദയ്ക്ക് ആ കഴിവ് ഇല്ല. പക്ഷെ എതിരാളിയെ തോല്പിക്കാനുള്ള ആവേശം അല്പം കൂടുതലുമാണ്. അത് തിളക്കമാര്‍ന്ന ചില ജയങ്ങള്‍ പ്രജ്ഞാനന്ദയ്ക്ക് നേടിക്കൊടുക്കുന്നു. പക്ഷെ അതുപോലെ നിറംകെട്ട ചില തോല്‍വികളും സമ്മാനിക്കും. ഒരു കളിയില്‍ മാഗ്നസ് കാള്‍സനെ തോല്പിച്ചെങ്കില് അടുത്ത കളിയില്‍ പേരില്ലാത്ത ഒരു ഗ്രാന്റ് മാസ്റ്ററോട് തോറ്റെന്നിരിക്കും. ഈ മനസ്സിന്റെ ബലക്കുറവ് പ്രജ്ഞാനന്ദ പരിഹരിച്ചേ തീരൂ.
എന്തായാലും ആറാം റൗണ്ടില്‍ തീരെ ദുര്‍ബലനായ എതിരാളിയാണെന്ന മെച്ചം പ്രജ്ഞാനന്ദയ്ക്കുണ്ട്. സൂപ്പര്‍ബെറ്റില്‍ ഏറ്റവും കുറഞ്ഞ 1.5 പോയിന്റുമായി നില്ക്കുന്ന റൊമാനിയയുടെ തന്നെ ഗ്രാന്റ് മാസ്റ്ററായ ഡിയാക് ബോഗ്ഡന്‍ ഡാനിയേല്‍ ആണ് എതിരാളി. ഇതില്‍ ജയം നേടിയാല്‍ ഇപ്പോഴത്തെ രണ്ടാം സ്ഥാനത്ത് നിന്നും പ്രജ്ഞാനന്ദയ്ക്ക് മുന്നേറാന്‍ കഴിയും. ഇപ്പോള്‍ പ്രജ്ഞാനന്ദയ്ക്ക് മൂന്ന് പോയിന്റുണ്ട്. ഒന്നാം സ്ഥാനത്ത് നില്ക്കുന്ന യുഎസ് താരം ഫാബിയാനോ കരുവാനയ്ക്ക് 3.5 പോയിന്റേ ഉള്ളൂ. ഈയിടെ മാഗ്നസ് കാള്‍സന്റെ നാടായ നോര്‍വ്വെയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ അഞ്ചാം റൗണ്ടില്‍ ഫാബിയാനോ കരുവാനയെ പ്രജ്ഞാനന്ദ തോല്പിച്ചിരുന്നു. നോര്‍വ്വെ ചെസില്‍ മാഗ്നസ് കാള്സന്, ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവരെ പ്രജ്ഞാനന്ദ തോല്പിച്ചിരുന്നു.
ഡി. ഗുകേഷ് ഇപ്പോള്‍ മൂന്ന് പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ്. ആറാം റൗണ്ടില്‍ ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവുമായാണ്. ഇതില്‍ വിജയം കൊയ്യുക എളുപ്പമല്ല. അപകടകാരിയായ കളിക്കാരനാണ് പരിചയസമ്പന്നനായ മാക്സിം വാചിയര്‍ ലെഗ്രാവ്. കഴിഞ്ഞ റൗണ്ടില്‍ ഫാബിയാനോ കരുവാനയെ സമനിലയില്‍ കുരുക്കി. ഇയാന്‍ നെപോമ് നിഷിയുമായും സമനില പിടിച്ചു. ഗുകേഷ് ഈ ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലാണെന്ന് പറയാനാവില്ല. ആദ്യ റൗണ്ടില്‍ റൊമാനിയയുടെ തന്നെ ഗ്രാന്റ് മാസ്റ്ററായ ഡിയാക് ബോഗ്ഡന്‍ ഡാനിയേലിനെ മാത്രമേ ഗുകേഷിന് തോല്‍പിക്കാനായുള്ളൂ. ഈ ടൂര്‍ണ്ണമെന്റിലെ ഏറ്റവും ദുര്‍ബലനായ കളിക്കാരനാണ് ബോഗ് ഡന്. ഗുകേഷിന്റെ മറ്റ് കളികള്‍ – പ്രജ്ഞാനന്ദ, ഇയാന്‍ നെപോമ്നിയാചി എന്നിവരുമായി- എല്ലാം സമനിലയില്‍ കലാശിച്ചു. തീരെ ആക്രമിക്കാതെ, തോല്‍വിക്ക് വഴങ്ങാതെ സമനില പിടിക്കാനായാണ് ഗുകേഷ് കളിക്കുന്നത്. തോല്‍വി ഉണ്ടാകില്ലെങ്കിലും ടൂര്‍ണ്ണമെന്റില്‍ വിജയിക്കാന്‍ അതുപോര.
യുഎസിന്റെ ഫാബിയാനോ കരുവാന രണ്ട് കളിയില്‍ ജയിച്ച് 3.5 പോയിന്റോടെ മുന്നില്‍ നില്‍ക്കുകയാണ്. റൊമാനിയന്‍ ഗ്രാന്റ് മാസ്റ്ററായ ഡിയാക് ബോഗ്ഡന്‍ ഡാനിയേലിനെയും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെയും തോല്പിച്ചു.ഉസ്ബെക്കിസ്ഥാന്റെ അബ്ദു സത്തറൊവും യുഎസിന്റെ വെസ്ലി സോയും ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവും ഫാബിയാനോയെ സമനിലയില്‍ കുരുക്കിയിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ബെറ്റ് ചാമ്പ്യനായ ഫാബിയാനോ കരുവാന കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്.
ഇയാന്‍ നെപോമ് നിഷി, അലിറെസ ഫിറൂഷ, വെസ്ലി സോ എന്നിവര്‍ 2.5 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ പേരില്‍ ഇക്കുറി രണ്ടാം റാങ്കുകാരനായ ഇയാന്‍ നെപോമ് നിഷി ഫോമിലല്ല. ഉസ്ബെക്കിസ്ഥാന്റെ അബ്ദുസത്തറൊവ് ഈ ടൂര്‍ണ്ണമെന്റില്‍ മൂന്നാം റാങ്കുകാരനാണെങ്കിലും നിറയെ അബദ്ധങ്ങള്‍ വരുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: