കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന “എംബി കോക്ടെയ്ൽ” സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്‌മ ചെയ്യുകയാണെന്ന് ഗവർണർ ഡോ സിവി ആനന്ദ ബോസ്.
സാധാരണക്കാർക്ക് സുരക്ഷയും നീതിയും നിഷേധിക്കുന്ന സർക്കാർ സമീപനം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. എന്തിന്റെ പേരിലാണെങ്കിലും കാട്ടുനീതി ജനങ്ങൾക്ക് ജനാധിപത്യത്തിലും ഭരണസംവിധാനത്തിലുമുള്ള വിശ്വാസം നശിപ്പിക്കും. അത് ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല.
ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിൽ പരസ്യമായി ചാട്ടവാറടിയേറ്റ യുവതിയെ സന്ദർശിക്കാൻ സംഭവസ്ഥലത്തെത്തിയ ഗവർണർ, സംഭവത്തിൽ സർക്കാർ സ്വീകരിച്ച സമീപനത്തെ നിശിതമായി വിമർശിച്ചു.
ആക്രമണത്തിനിരയായ യുവതിയെ നേരിൽകണ്ട് സംസാരിക്കാൻ ഗവർണർ ഉദ്ദേശിച്ചിരുന്നുവെങ്കിലും യുവതി “ഇപ്പോൾ തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്നു”വെന്ന് അറിയിച്ചതിനാൽ സന്ദർശനം ഉപേക്ഷിച്ചു.
“ആ യുവതിയുടെ വികാരങ്ങൾക്ക് ഞാൻ പ്രാധാന്യം നൽകുന്നു. അവർക്ക് എപ്പോൾ വേണമെങ്കിലും എന്നെ വന്നു കാണാം; കഴിയുമെങ്കിൽ രാജ്ഭവനിൽ വരാം അല്ലെങ്കിൽ ഞാൻ ഇങ്ങോട്ടു വരാം. തൽക്കാലം കാണുന്നില്ല – ” മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
അക്രമത്തിന് ഇരയായ നിരവധി പേരെ അടുത്തിടെ കണ്ടതായി ഗവർണർ ആനന്ദബോസ് പറഞ്ഞു. “അവരുമായി നടത്തിയ ചർച്ചകളിൽ നിന്നും എന്നെ കണ്ടുമുട്ടിയ ഇരകളുടെ അനുഭവം പങ്കുവെച്ചതിൽ നിന്നും, മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഭരണത്തിൽ ബംഗാൾ, സ്ത്രീകൾക്ക് താമസിക്കാൻ സുരക്ഷിതമായ സ്ഥലമല്ലെന്ന് എനിക്ക് മനസ്സിലായി,” അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീയെയും പുരുഷനെയും പൊതുസ്ഥലത്ത് ആക്രമിക്കുന്നതിന്റെ ക്രൂരമായ വീഡിയോ ദൃശ്യം വൈറലായതോടെയാണ് ചോപ്രയിലെ സംഭവം പുറംലോകമറിഞ്ഞത്. അക്രമി താജെമുൾ അറസ്റ്റിലായി. പ്രാദേശിക തൃണമൂൽ എംഎൽഎ ഹമീദുർ റഹ്മാന്റെ പ്രധാന സഹായിയാണ് പ്രതിയെന്ന് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും സിപിഎമ്മും ആരോപിച്ചു.
ചോപ്ര സംഭവത്തിലെ രോഷത്തിനിടയിൽ, ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ബിജെപിയുടെ സുവേന്ദു അധികാരി സമാനമായ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും തജമുൽ ഈ കേസിലും പ്രതിയാണെന്ന് ആരോപിക്കുകയും ചെയ്തു. ഒരു പുരുഷനെയും സ്ത്രീയെയും കയറുകൊണ്ട് കെട്ടിയിട്ട് മറ്റ് പുരുഷന്മാർ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം.
ചോപ്ര സംഭവത്തിൽ ഗവർണർ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
നേരത്തെ, സംഭവത്തിന് ശേഷം പ്രാദേശിക എം.എൽ.എ റഹ്മാൻ നടത്തിയ പരാമർശം ജനരോഷത്തിന് ആക്കം കൂട്ടിയിരുന്നു. പരസ്യമായ ചാട്ടവാറടിയെ കുറിച്ച് സംസാരിക്കവെ, സംഭവിച്ചത് തെറ്റാണെന്ന് എം.എൽ.എ പിന്നീട് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: