പാരീസ്: ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പാര്‍ട്ടിക്ക് ലഭിച്ച തിരിച്ചടിയും ദേശീയവാദികളായ വലതുപക്ഷ പാര്‍ട്ടി നാഷണല്‍ റാലി (ആര്‍എന്‍)യുടെ മുന്നേറ്റവും കാണിക്കുന്നത് ഫ്രാന്‍സിന്റെ മാറ്റം.
ആര്‍എന്‍ നേതാവ് മരീന്‍ ലെ പെന്നിന്റെ സഖ്യം 34 ശതമാനം വോട്ടുമായി ഒന്നാമതെത്തി. എന്നാല്‍ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനായിട്ടില്ല. ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യത്തിന് 29 ശതമാനം വോട്ട് ലഭിച്ചു. ഇമ്മാനുവല്‍ മക്രോണിന്റെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 20.5 ശതമാനം വോട്ടു മാത്രം നേടാനെ സാധിച്ചിട്ടുള്ളു.
നാഷണല്‍ അസംബ്ലിയിലെ 557 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. വ്യക്തമായ ഭൂരിപക്ഷത്തിന് 289 സീറ്റുകളാണ് വേണ്ടത്. ജൂലൈ ഏഴിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള സാധ്യത നാഷണല്‍ റാലി പാര്‍ട്ടിക്കാണെന്നാണ് വിലയിരുത്തല്‍. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകളില്‍ കുറവ് വന്നാല്‍ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിലാകും. അങ്ങനെ വന്നാല്‍ തൂക്കുസഭയിലേക്കാവും കാര്യങ്ങള്‍ എത്തുക. 49.5 ദശലക്ഷം വോട്ടര്‍മാരാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. 9ന് നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേ പെന്നിന്റെ നാഷണല്‍ റാലി വിജയം നേടിയതിന് പിന്നാലെയാണ് പ്രസിഡന്റ് മക്രോണ്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: